തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ രാഖി കെട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ. പ്രവർത്തകനെ കോളേജിൽനിന്ന്‌ സസ്‌പെൻഡ് ചെയ്തു.

ചൊവ്വാഴ്ച സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങിയെങ്കിലും പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കോളേജ് പ്രിൻസിപ്പൽ സി.സി.ബാബു തയ്യാറായില്ല. പെൺകുട്ടി പ്രിൻസിപ്പലിനു നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

കോളേജിലെ ചരിത്രവിഭാഗത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പി.ജി. വിദ്യാർഥിനിയാണ് കൈയിൽ രാഖി കെട്ടി എത്തിയത്. ഇത് എസ്.എഫ്.ഐ. നേതാക്കളെ പ്രകോപിതരാക്കി. സംഘടിച്ചെത്തിയ ഇവർ പി.ജി. ക്ലാസിൽ കയറി ബഹളമുണ്ടാക്കി. വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ആദ്യം നേതാക്കളുടെ ഭീഷണിക്ക് പെൺകുട്ടി വഴങ്ങിയില്ല. ഭീഷണിപ്പെടുത്താനായി നേതാക്കളിലൊരാൾ ക്ലാസ് റൂമിന്റെ ജനൽ ചില്ല അടിച്ചുപൊട്ടിച്ചു. പ്രിൻസിപ്പലിന്റെ റൂമിന് എതിർവശത്തെ ബ്ലോക്കിലായിരുന്നു സംഭവം.

അധ്യാപകരെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വിദ്യാർഥിനി സ്വയം രാഖി അഴിച്ചുമാറ്റി വസ്ത്രത്തിൽ ഒളിപ്പിച്ചു. ഇതോടെ രാഖി കൈവശപ്പെടുത്തി നശിപ്പിക്കാനുള്ള എസ്.എഫ്.ഐ. നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. അധ്യാപകർക്കു മുന്നിൽ ഭീഷണിമുഴക്കിക്കൊണ്ടാണ് ഇവർ പിൻമാറിയത്. വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് സസ്‌പെൻഷൻ. അതീവ രഹസ്യമായിട്ടാണ് ഇതു നടപ്പാക്കിയത്. വിദ്യാർഥിനി പരാതിയിൽ ഉറച്ചുനിന്നതിനെത്തുടർന്നാണ് നടപടി എടുക്കേണ്ടിവന്നത്.

എസ്.എഫ്.ഐ. നേതാക്കൾ പ്രവർത്തകനെ കുത്തിയ സംഭവത്തിനു ശേഷം കോളേജിൽ ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ വീണ്ടും പരാജയപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഈ സംഭവമെന്ന് പരാതി ഉയർന്നിട്ടുണ്ട്. പഴയപടി എസ്.എഫ്.ഐ. നേതാക്കൾ കോളേജ് നിയന്ത്രണമേറ്റെടുത്തെന്നാണ് സൂചന. ഇത് നിയന്ത്രിക്കുന്നതിൽ കോളേജ് അധികൃതർ പരാജയപ്പെടുകയാെണന്നും ആക്ഷേപമുണ്ട്.

content highlights: sfi activist suspended for theatening student in university college