നെടുങ്കണ്ടം (കോട്ടയം): ലൈംഗികാതിക്രമം നേരിട്ടെന്ന പാർട്ടി പ്രവർത്തകയുടെ പരാതിയിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗത്തിനെതിരേ നടപടിയില്ല. പോലീസിൽ പരാതിനൽകാൻ അനുമതിതേടി യുവതി പാർട്ടി സംസ്ഥാന കൗൺസിലിനെ സമീപിച്ചു.

സംസ്ഥാന കൗൺസിൽ അംഗത്തിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന കൗൺസിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വീട്ടമ്മ പരാതിനൽകിയിരുന്നു. സി.പി.ഐ. മഹിളാ സംഘടന ഭാരവാഹിയാണ് സംസ്ഥാന കൗൺസിൽ അംഗത്തിനെതിരേ പരാതിനൽകിയത്. ലൈംഗിക അതിക്രമമുണ്ടായി എന്ന പരാതി ഉയർത്തിയതിനാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ പോലീസിൽ പരാതിപ്പെടാൻ പാർട്ടി അനുമതി നൽകണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം.

പാർട്ടി ജില്ലാ ഓഫീസിൽ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, സംസ്ഥാന കൗൺസിൽ അംഗം പി. മുത്തുപാണ്ടി, പീരുമേട് എം.എൽ.എ. ഇ.എസ്. ബിജിമോൾ എന്നിവരടങ്ങിയ അന്വേഷണക്കമ്മിഷനുമുന്നിൽ വീട്ടമ്മ മൊഴിനൽകി. സംസ്ഥാന കൗൺസിൽ അംഗം സ്ഥിരമായി ഫോണിൽ വിളിക്കുകയും ഓഫിസിലേക്ക് വരാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. ഹൈറേഞ്ചിലെ സി.പി.ഐ. ഓഫീസിൽവെച്ച് പീഡനശ്രമവും ഉണ്ടായെന്നാണ് യുവതിയുടെ ആരോപണം. ഫോൺ സന്ദേശങ്ങളും ഫോൺ കോൾ റെക്കോഡുകളും വീട്ടമ്മ മുതിർന്ന നേതാക്കൾക്കു കൈമാറിയിരുന്നു. അന്വേഷണക്കമ്മിഷൻ അടിയന്തരനടപടി സ്വീകരിക്കാതെവന്നതോടെയാണ് പരാതിയുമായി സംസ്ഥാന കൗൺസിലിനെ സമീപിച്ചത്. പരാതിയിൽ ഗുരുതരമായ മറ്റ് ആരോപണങ്ങളും വീട്ടമ്മ ഉയർത്തിയിട്ടുണ്ട്. എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്നും ജില്ലയിലെ രണ്ട് മുതിർന്ന നേതാക്കൻമാർ തമ്മിലുള്ള ശത്രുതയാണ് പരാതിയുടെ പിന്നിലെന്നും പാർട്ടിയിലെ മറ്റുചില നേതാക്കൾ ആരോപിക്കുന്നു.

Content Highlight: sexual harassment alleges against CPI state council member