തിരുവനന്തപുരം: ലൈംഗികാതിക്രമ ഇരകളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കുന്നതിനു മുന്നോടിയായി എഫ്.ഐ.ആറും കേസും നിർബന്ധമാണെന്ന വ്യവസ്ഥ സർക്കാർ ഒഴിവാക്കി.
ഇരയുടെയോ അവരെ ഹാജരാക്കുന്ന രക്ഷിതാക്കളുടെയോ രേഖാമൂലമുള്ള സമ്മതംമാത്രം മതിയെന്നു സംസ്ഥാനസർക്കാർ പുതുക്കിയിറക്കിയ മെഡിക്കോ ലീഗൽ േപ്രാട്ടോക്കോൾ പറയുന്നു. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ വൈദ്യപരിശോധനയ്ക്കുള്ള നിർദേശങ്ങളാണു പരിഷ്കരിച്ചത്.
ഇരയെ പരിശോധിക്കുന്നതിൽനിന്ന് ആശുപത്രികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. ഗൈനക്കോളജിസ്റ്റ് ഇല്ലെന്ന കാരണത്താൽ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് അയക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ലൈംഗികാതിക്രമങ്ങൾക്കിരയായി പരിശോധനയ്ക്ക് എത്തിക്കുന്നവർക്ക് സൗജന്യമായി അടിയന്തര ചികിത്സയും കൗൺസലിങ്ങും നൽകേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്വമാണ്.
അതിക്രമം അതിജീവിച്ചവർക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാക്കണം പരിശോധനകളും തുടർചികിത്സകളും നിർദേശിക്കേണ്ടത്. ഒരു തെളിവും കിട്ടാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ അതിക്രമത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ള പരിശോധനകളും തെളിവുശേഖരണവും മാത്രം നടത്തി മുതിർന്നയാളുകളെ ബുദ്ധിമുട്ടുകളിൽനിന്ന് ഒഴിവാക്കണം.
കുട്ടികളുടെ ശരീരപരിശോധന അവരുടെ രക്ഷിതാക്കളിൽ ആരുടെയെങ്കിലും സാന്നിധ്യത്തിലാകണം. രക്ഷിതാക്കളുടെ അഭാവത്തിൽ, കുട്ടി വിശ്വാസമർപ്പിക്കുന്ന ആളിന്റെ സാന്നിധ്യമുണ്ടാകണം. ഇവരാരുമില്ലെങ്കിൽ സ്ഥാപനമേധാവിക്ക് മറ്റൊരു സ്ത്രീയെ നിർദേശിക്കാം. കുട്ടികളാണ് ഇരയെങ്കിൽ അവർക്കു മതിയായ സുരക്ഷിതത്വം ഒരുക്കണം.
ഒരുതരത്തിലുള്ള കാലതാമസവും ഉണ്ടാകാതെ പരിശോധന നടത്തേണ്ട ഉത്തരവാദിത്വം ആശുപത്രി മേധാവികൾക്കാണ്. പരിശോധിക്കേണ്ട ഡോക്ടർ മറ്റേതെങ്കിലും ആളുടെ ജീവൻരക്ഷാ ചികിത്സയിലാണെങ്കിൽ പകരം ഡോക്ടറെ നിയോഗിക്കേണ്ട ഉത്തരവാദിത്വവും സ്ഥാപനമേധാവിക്കാണ്.
അതിക്രമങ്ങൾക്കിരയായ സ്ത്രീകളെ പരിശോധിക്കുന്നത് വനിതാഡോക്ടർ ആയിരിക്കണമെന്നും പ്രോട്ടോക്കോൾ നിർദേശിക്കുന്നു. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ കാര്യത്തിൽ ഇത് നിർബന്ധവുമാണ്. അതിക്രമങ്ങൾക്കിരയായ സ്ത്രീയുടെ രഹസ്യഭാഗങ്ങളുടെ പരിശോധനയ്ക്ക് ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റിനെ നിയോഗിക്കേണ്ടത് സ്ഥാപനമേധാവിയുടെ ഉത്തരവാദിത്വമാണ്. ഗൈനക്കോളജിസ്റ്റ് ആശുപത്രിയിലില്ലാത്തതിനു മതിയായ കാരണങ്ങളുണ്ടെങ്കിൽ വനിതാഡോക്ടറെ ചുമതലപ്പെടുത്തണം.
ആൺകുട്ടികളോ പുരുഷന്മാരോ ആണ് അതിക്രമങ്ങൾക്ക് ഇരയായതെങ്കിൽ അവരെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണു പരിശോധിക്കേണ്ടത്. ട്രാൻസ്ജെൻഡറാണ് ഇരയെങ്കിൽ പുരുഷഡോക്ടറോ വനിതാ ഡോക്ടറോ പരിശോധിക്കേണ്ടതെന്ന് അവർക്കുതന്നെ തീരുമാനിക്കാം.
Content Highlights: sexual assault; police case not must for victim's medical test