കണ്ണൂർ: യുവതിയുടെ െെലംഗികപീഡന പരാതിയിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാൻ മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. പരാതിക്കാരി ബിനോയിയുടേതായി നൽകിയ വിലാസത്തിൽ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാർട്ടി ഫ്ലാറ്റാണ്.

ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇൻസ്പെക്ടർ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തി. വീട് അടച്ചിട്ട നിലയിലായതിനാൽ അടുത്തവീട്ടിൽ നോട്ടീസ് നൽകി. ഓഷിവാര പോലീസ് മുമ്പാകെ ഉടൻ ഹാജരാകണമെന്നാണ് നോട്ടീസ്.

തലശ്ശേരി, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷമാണ് മുംബൈ പോലീസ് ബിനോയിയെ തിരഞ്ഞ് വീട്ടിലെത്തിയത്. തലശ്ശേരി സ്റ്റേഷനിലെ രണ്ട് പോലീസുകാരും ഒപ്പമുണ്ടായിരുന്നു. കോടിയേരിയിലെ വീട്ടിൽ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചശേഷമാണ് ഇവർ തിരുവനന്തപുരത്തേക്കു തിരിച്ചത്. ബിനോയിയുടെ ഫോൺ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്.