മംഗളൂരു: കനത്തമഴയിൽ കൊങ്കൺ റൂട്ടിൽ മംഗളൂരുവിനടുത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീഴുന്നത് തുടരുന്നതിനാൽ ഇതുവഴി മൂന്നുദിവസം വണ്ടിയോടില്ല. പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിർമിച്ച് തീവണ്ടിസർവീസ് പുനരാരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിന് മൂന്നുദിവസം സമയമെടുക്കും.

ജോക്കട്ടെ-പടീൽ സ്റ്റേഷനുകൾക്കിടയിൽ കുലശേഖരയിൽ 23-ന് പുലർച്ചെയാണ് പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണ് കൊങ്കൺ പാതയിൽ ഗതാഗതസ്തംഭനമുണ്ടായത്. പാളം ഗതാഗതയോഗ്യമാക്കാൻ ചെന്നൈ ഐ.ഐ.ടി.യിൽനിന്നും മംഗളൂരു എൻ.ഐ.ടി.കെ.യിൽനിന്നുമുള്ള വിദഗ്ധരുടെ ഉപദേശം റെയിൽവേ തേടിയിട്ടുണ്ട്.

ചെളിരൂപത്തിലായ മണ്ണ് മാറ്റി മാത്രമേ പുതിയ പാത നിർമിക്കാനാകൂ. അതിന് മൂന്നുദിവസമെങ്കിലുമെടുക്കും. മഴ തുടർന്നാൽ ഈ പ്രവൃത്തിയും തടസ്സപ്പെടും. ചൊവ്വാഴ്ച മഴ കുറഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കിയിട്ടുണ്ട്.

ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ തീവണ്ടികൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ തീവണ്ടികൾ

ചൊവ്വാഴ്ച പുറപ്പെടേണ്ട കെ.എസ്.ആർ. ബെംഗളൂരു-കാർവാർ എക്സ്പ്രസ്(16517), ഭാവനഗർ- കൊച്ചുവേളി എക്സ്പ്രസ്(19260), ഇൻഡോർ-കൊച്ചുവേളി എക്സ്പ്രസ്(19332), നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്(12432), എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്(12283), എറണാകുളം-പുണെ എക്സ്പ്രസ്(22149), ലോകമാന്യതിലക്-എറണാകുളം തുരന്തോ എക്സ്പ്രസ്(22113), ബുധനാഴ്ച പുറപ്പെടേണ്ട പുണെ-എറണാകുളം എക്സ്പ്രസ്(22150), തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22655), എറണാകുളം-ഓഖ ദ്വൈവാര എക്സ്പ്രസ്(16338), തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ്(22633), എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്സ്പ്രസ്(12224), പുണെ-എറണാകുളം ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22150), വ്യാഴാഴ്ച പുറപ്പെടുന്ന കൊച്ചുവേളി-ബാവൻനഗർ എക്സ്പ്രസ്(19259), വെള്ളിയാഴ്ച പുറപ്പെടുന്ന എറണാകുളം-പുണെ ദ്വൈവാര എക്സ്പ്രസ്(22149), കൊച്ചുവേളി-ഇൻഡോർ എക്സ്പ്രസ് (19331), ശനിയാഴ്ച പുറപ്പെടുന്ന ഹസ്രത് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ്(12284).

ഭാഗികമായി റദ്ദാക്കിയവ

ചൊവ്വാഴ്ച പുറപ്പെട്ട ലോകമാന്യതിലക് ടെർമിനസ്-മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ്(12619), സൂറത്കലിനും മംഗളൂരുവിലും ഇടയിൽ റദ്ദാക്കി. മുംബൈ സിഎസ്.ടി.-മംഗളൂരു ജങ്ഷൻ എക്സ്പ്രസ്(12133) സൂറത്കലിനും മംഗളൂരുവിനും ഇടയിൽ റദ്ദാക്കി.

ബുധനാഴ്ച പുറപ്പെടേണ്ട മംഗളൂരു-ലോകമാന്യതിലക് ടെർമിനസ് മത്സ്യഗന്ധ എക്സ്പ്രസ്(12620) മംഗളൂരുവിനും സൂറത്കലിനും ഇടയിൽ റദ്ദാക്കി. മംഗളൂരു ജങ്ഷൻ-മുംബൈ സി.എസ്.ടി. എക്സ്പ്രസ്(12134) മംഗളൂരുവിനും സൂറത്കലിനും ഇടയിൽ റദ്ദാക്കി.

മഡ്ഗാവ്-മംഗളൂരു ഡെമു(70105) തോക്കൂറിനും മംഗളൂരുവിനും ഇടയിൽ റദ്ദാക്കി. മംഗളൂരു-മഡ്ഗാവ് ഡെമു(70106) മംഗളൂരുവിനും തോക്കൂറിനും ഇടയിൽ റദ്ദാക്കി.

തിരിച്ചുവിട്ട വണ്ടികൾ

തിങ്കളാഴ്ച പുറപ്പെട്ട നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ്(22654), നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്(12618), ദെഹ്റാദൂൺ-കൊച്ചുവേളി എക്സ്പ്രസ്(22660), ചൊവ്വാഴ്ച പുറപ്പെട്ട നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്(16336), നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്(12618), ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്(16345), ശ്രീനഗർ-കൊച്ചുവേളി എക്സ്പ്രസ്(16311), ബുധനാഴ്ച പുറപ്പെടുന്ന ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്(16345), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്(6346), എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ്(12617) എന്നിവ പാലക്കാടുവഴിയും തിങ്കളാഴ്ച പുറപ്പെട്ട ഗാന്ധിധാം-തിരുനൽവേലി എക്സ്പ്രസ് സൂററ്റ് വിജയവാഡ വഴിയും തിരിച്ചുവിട്ടു.

ബുധനാഴ്ച പുറപ്പെടേണ്ട തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്(16311) ഷൊർണൂരിൽനിന്ന് വഴിതിരിച്ചു വിട്ട് പോതനൂർ, ഈറോഡ്, മേൽപ്പാക്കം, പുണെ, ലൊനാവാല വഴി യാത്രനടത്തും.

ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം-ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) ഷൊർണൂരിൽനിന്ന് വഴിതിരിച്ചുവിട്ട് പോതനൂർ, ഈറോഡ്, കാട്പാടി, ഗുണ്ടൂർ, നാഗ്പുർ, ഭോപാൽ, ആഗ്ര വഴി യാത്രനടത്തും. ബുധനാഴ്ച രാവിലെ 9.15-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്‌സർ എക്സ്പ്രസ്(12483) വൈകീട്ട് 7.00-ന് പുറപ്പെടും.

content highlights: several trains cancelled on konkan railway route due to severe landslide