തിരുവനന്തപുരം: ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട്‌ കഴിയുന്ന തടവുകാരിൽ ഏഴുപേരെ വിട്ടയക്കാൻ ഗവർണറോട്‌ ശുപാർശചെയ്യാൻ മന്ത്രിസഭാ തീരുമാനം.

വിവിധ കൊലപാതകക്കേസുകളിൽ ജീവപര്യന്തം കഠിനതടവിന്‌ ശിക്ഷിക്കപ്പെട്ട് 14 മുതൽ 21 വർഷംവരെ ശിക്ഷ പൂർത്തിയാക്കിയവരെയാണ് വിട്ടയക്കുന്നത്. 70 വയസ്സ് കഴിഞ്ഞവരും 14 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയവരും നല്ലനടപ്പുകാരുമായ തടവുകാരെ വിട്ടയക്കാമെന്ന ജയിൽ ഉപദേശകസമിതിയുടെ ശുപാർശപ്രകാരമാണിത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയം മന്ത്രിസഭയിൽ അവതരിപ്പിച്ചത്. രവീന്ദ്രൻ, ശ്രീധരൻ, സ്കറിയ തോമസ്, തങ്കച്ചൻ, ഹരി, രവീന്ദ്രൻ, അരീക്കാടൻ സെയ്താലി എന്നിവരെയാണ്‌ വിട്ടയക്കുക. രാഷ്ട്രീയകൊലപാതകങ്ങളിൽപ്പെട്ടവർ ഇതിൽ ഉൾപ്പെടുന്നില്ല.

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചയാളാണ് രവീന്ദ്രൻ. 21 വർഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. നാരായണൻ നമ്പ്യാർ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് സെഷൻസ് കോടതി ശിക്ഷിച്ച ശ്രീധരൻ 18 വർഷവും ആറുമാസവും ശിക്ഷ പൂർത്തിയാക്കി.

കണ്ണൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് കോടതി ശിക്ഷിച്ചയാളാണ് സ്കറിയാ തോമസ്. 15 വർഷവും 10 മാസവും ശിക്ഷ പൂർത്തിയാക്കി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഹരി 14 വർഷം ശിക്ഷ പൂർത്തിയാക്കി. ഭാര്യയെയും അയൽവാസിയെയും കൊലപ്പെടുത്തിയ രവീന്ദ്രൻ 15 വർഷം ശിക്ഷയനുഭവിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയതിന് വയനാട് കോടതി ശിക്ഷിച്ച തങ്കച്ചനും വസ്തുതർക്കവുമായി ബന്ധപ്പെട്ട് സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അരീക്കാടൻ സെയ്ദാലിയും 14 വർഷം ശിക്ഷ പൂർത്തിയാക്കിയവരാണ്.

Content Highlights: seven life sentence prisoners will be released