കൊല്ലം: വിവിധ സേനാവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ സർവീസ് വോട്ടുകളിൽ റെക്കോഡ് വർധന. കേരളത്തിലെ 20 മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേതിന്റെ മൂന്നും നാലും ഇരട്ടി സൈനികർ ഇക്കുറി വോട്ട് രേഖപ്പെടുത്തി. ഓൺലൈനായി ബാലറ്റ് പേപ്പർ അയച്ചുകൊടുക്കുന്ന സംവിധാനം നിലവിൽവന്നതോടെയാണിത്. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിൽ ‘പട്ടാള’വോട്ടുകൾ നിർണായകമാകുമെന്നാണ് കണക്കുകൂട്ടൽ.

കേരളത്തിൽ ഏറ്റവും കൂടുതൽ സർവീസ് വോട്ടുള്ളത് മാവേലിക്കര മണ്ഡലത്തിലാണ്-4486. വ്യാഴാഴ്ച വൈകീട്ടുവരെ 4111 രേഖപ്പെടുത്തിയ വോട്ടുകൾ തിരികെയെത്തി. കഴിഞ്ഞതവണ ഇവിടെ എണ്ണൂറിൽ താഴെ സർവീസ് വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. സർവീസ് വോട്ടുകളിൽ 80 ശതമാനം തിരികെയെത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം. ഇപ്പോൾത്തന്നെ മാവേലിക്കരയിൽ 91 ശതമാനം സർവീസ് വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിനമായ 23-ന് രാവിലെ എട്ടുവരെ തപാലിൽ എത്തുന്ന വോട്ടുകൾ സ്വീകരിക്കും.

പത്തനംതിട്ടയിൽ 4154 സൈനിക വോട്ടുകളുണ്ട്. വ്യാഴാഴ്ചവരെ 2535 വോട്ട് തിരികെ ലഭിച്ചു. ആലപ്പുഴയിൽ 3102 വോട്ടുകൾ ഇതുവരെ ലഭിച്ചു. കൊല്ലത്ത് ആകെയുള്ള 4045 സർവീസ് വോട്ടുകളിൽ 2455 എണ്ണം എത്തി. വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ പട്ടാളവോട്ടുകൾ താരതമ്യേന കുറവാണ്.

മുൻകാലങ്ങളിൽ ബാലറ്റ് പേപ്പർ തപാലിൽ അയച്ചുകൊടുത്താലും തിരികെയെത്തുന്നവ കുറവായിരുന്നു. സ്ഥലം മാറിപ്പോകുന്നവരുടെയും മറ്റും മേൽവിലാസം മാറുന്നതിനാൽ 30 ശതമാനം ബാലറ്റും സൈനികർ കൈപ്പറ്റാറില്ല. വോട്ടെണ്ണൽ തീയതി കഴിഞ്ഞ് തിരികെയെത്തുന്നവയും കുറവല്ല.

പുതിയസംവിധാനം വന്നതോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയായി 48 മണിക്കൂറിനുള്ളിൽ ബാലറ്റ് പേപ്പർ സൈനിക കേന്ദ്രങ്ങളിലേക്ക് ഓൺലൈനായി അയച്ചു. അപ്പോൾത്തന്നെ വോട്ടറായ സൈനികന്റെ മൊബൈലിലേക്ക് ഒ.ടി.പി. ലഭിച്ചു. ഈ പാസ്‌വേഡ് റെക്കോഡ് ഓഫീസർക്ക് നൽകിയാണ് ബാലറ്റ് പേപ്പർ കൈപ്പറ്റിയത്.

വോട്ടുചെയ്ത് അതത് മണ്ഡലങ്ങളിലെ വരണാധികാരികൾക്ക് തപാലിലാണ് മടക്കിയയക്കേണ്ടത്. ഇത്തവണ സ്ഥലംമാറ്റമുണ്ടായ സൈനികരുടെ പുതിയ മേൽവിലാസം ശേഖരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക താത്പര്യമെടുത്തതും എണ്ണം കൂടാൻ കാരണമായി.

content highlights: service voter, army