തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ കോവിഡിൽനിന്ന് മറച്ചുപിടിക്കുന്നതിനൊപ്പം അവരോട് കൂടുതൽ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധർ. കോവിഡിനെതിരേ വ്യക്തികൾ ആർജിച്ച പ്രതിരോധശേഷി സംബന്ധിച്ച് സംസ്ഥാനം നടത്തിയ സീറോ പ്രിവലൻസ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡിനെതിരായ പ്രതിരോധശേഷി കൈവരിച്ചവർ 40.2 ശതമാനമെന്നാണ് പഠനം പറയുന്നത്. പ്രതിരോധ മരുന്നിന് അർഹരല്ലാതിരുന്ന കുട്ടികളെ റിവേഴ്‌സ് ക്വാറന്റീനിലൂടെ വീടുകളിൽ സംരക്ഷിച്ചിരുന്നെങ്കിലും 40.2 ശതമാനം പേർക്ക് രോഗം വന്നുപോയെന്നും അതുനിമിത്തം പ്രതിരോധശേഷി കൈവന്നുവെന്നുമാണ് കരുതേണ്ടത്. അവശേഷിക്കുന്ന 60 ശതമാനം പേർക്ക് രോഗം വരാനുള്ള സാധ്യതയുള്ളതിനാലാണ്‌ മുന്നറിയിപ്പ്.

2021 ജൂണിൽ ഡൽഹി എയിംസ് നടത്തിയ പഠനത്തിൽ, ഇന്ത്യയിലെ കുട്ടികളിൽ 55 മുതൽ 57 വരെ ശതമാനം പേരിൽ വൈറസിനെതിരായ ആന്റിബോഡി ഉള്ളതായി പറയുന്നു. ഇന്ത്യയൊട്ടാകെ രോഗം പടർന്നതിനു പിന്നാലെയായിരുന്നു എയിംസിന്റെ പഠനം. കേരളത്തിൽ ഇപ്പോഴും ഇത് 44 ശതമാനമാണ്.

പ്രതിരോധം വാക്സിൻ മൂലവും

കേരളത്തിൽ ഇപ്പോൾ പതിനെട്ട് വയസ്സിനു മുകളിലുള്ളവരുടെ പ്രതിരോധശേഷി 82.6 ശതമാനമാണ്. വാക്സിനിലൂടെ കൈവരിച്ച പ്രതിരോധശേഷിയാണ് സീറോ പ്രിവലൻസിലൂടെ കണ്ടെത്തിയതിൽ നല്ലൊരു പങ്കുമെന്നുതന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ രോഗം ഇനിയും പടരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നല്കുന്നു.

സ്കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടേക്കും

സ്കൂൾ തുറക്കുമ്പോൾ രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകൾ (രോഗബാധിതരുടെ കൂട്ടം) രൂപപ്പെടാനുള്ള സാധ്യത ഏറെയാണ്. കുട്ടികളിൽ രോഗം വ്യാപിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എന്നാൽ, രോഗം വരുമെന്ന കാര്യം തള്ളിക്കളയാനാകില്ല. വൈറസ് സമൂഹത്തിൽനിന്ന് ഉടൻ തുടച്ചുനീക്കാനാവില്ല. കുരുതലോടെ സ്കൂൾ തുറക്കുകയും കാര്യങ്ങൾ കരുതലോടെ നിരീക്ഷിക്കുകയും വ്യാപനമുണ്ടായാൽ അവിടം അടച്ചിടുകയും വേണ്ടിവരും.

-ഡോ. ടി.എസ്. അനീഷ്, കോവിഡ് വിദഗ്‌ധ സമിതിയംഗം, അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, മെഡിക്കൽ കോളേജ് തിരുവനന്തപുരം