തിരുവനന്തപുരം: ചികിത്സയ്ക്കായി തനിക്ക് ലഭിച്ച സഹായനിധിയിൽനിന്ന് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പണം തിരികെനൽകി സീരിയൽ താരം ശരണ്യ ശശി. ബ്രെയിൻ ട്യൂമർ ബാധയെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് രോഗക്കിടക്കയിലാണ് ശരണ്യ.

ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ സഹായനിധിയിൽനിന്ന് തനിക്കു ലഭിച്ച തുകയിൽനിന്ന് പതിനായിരം രൂപയാണ് ശരണ്യ മടക്കിനൽകിയത്. സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയൊരു പങ്ക് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ശരണ്യയെ സഹായിക്കണമെന്നഭ്യർഥിച്ച് സിനിമാതാരം സീമ ജി.നായർ രംഗത്തുവന്നപ്പോഴാണ് വിവരങ്ങൾ പുറംലോകമറിയുന്നത്. ഏഴ് ശസ്ത്രക്രിയകൾ കഴിഞ്ഞ ശരണ്യ തുടർചികിത്സകൾക്ക് മാർഗമില്ലാത്ത അവസ്ഥയിലാണ്. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സഹായധനം ലഭ്യമാക്കി.

ആറുവർഷം മുമ്പാണ് ട്യൂമർബാധ സ്ഥിരീകരിച്ചത്. ഇടയ്ക്ക് രോഗം ഭേദമായതായി കരുതുകയും അഭിനയലോകത്തേക്ക് മടങ്ങിവരികയും ചെയ്തു. പക്ഷേ വീണ്ടും രോഗം മൂർച്ഛിച്ചുകൊണ്ടിരുന്നു. നിരന്തര ശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കുമായി കൈവശമുണ്ടായിരുന്ന പണമെല്ലാം ചെലവായി. സ്വന്തമായി വീടുപോലുമില്ലാത്ത ഇവർ സുഹൃത്തുക്കളുടെ സഹായത്താലാണ് ജീവിതം തള്ളിനീക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ഏഴാമത്തെ ശസ്ത്രക്രിയ.

Content Highlights: serial actress saranya sasi donates to chief ministers relief fund