തിരുവനന്തപുരം: സ്വർണനിറത്തിൽ കൊത്തിവെച്ച ഈ വീട്ടുപേരിലുണ്ട് എല്ലാം- സ്‌നേഹസീമ. വേദനയുടെ പല പാതകൾ താണ്ടുമ്പോഴും ആ വഴികൾക്കൊടുവിൽ വീട് എന്നൊരു സ്വാസ്ഥ്യം സ്വപ്‌നം കണ്ടിരുന്നു ശരണ്യ; ഇങ്ങനെയൊരു പേരും കരുതിവെച്ചിരുന്നു. അർബുദം ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന സീരിയൽ താരം ശരണ്യയ്ക്കാണ് സ്‌നേഹിതരുടെ കരുതലിൽ പുതിയ വീട് ഒരുങ്ങിയത്. ചെമ്പഴന്തി അണിയൂരുള്ള ‘സ്‌നേഹസീമ’ എന്ന വീടിന്റെ പാലുകാച്ച് വെള്ളിയാഴ്ച നടന്നു. അതിജീവനപാതയിൽ തനിക്ക് കരുത്താവുകയും വീട് എന്ന സ്വപ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്ത സിനിമാ, സീരിയൽ താരം സീമാ ജി.നായരോടുള്ള സ്‌നേഹംകൂടി ഈ വീട്ടുപേരിൽ ശരണ്യ ചേർത്തുവെച്ചു.

2012ലെ ഓണക്കാലത്ത് ഒരു സീരിയൽ സെറ്റിൽ തലകറങ്ങിവീണ ശരണ്യയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ തിരിച്ചറിയുന്നത്. തുടർന്ന് ചികിത്സകളുടെയും വേദനകളുടെയും കാലമായിരുന്നു. ഇടയ്ക്ക് അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും രോഗം വീണ്ടും കടന്നെത്തി. ഒൻപതാമത്തെ ശസ്ത്രക്രിയാസമയത്ത് നടി സീമാ ജി.നായർ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ശരണ്യയുടെ അവസ്ഥ ലോകത്തെ അറിയിച്ചത്. തുടർന്ന് ചികിത്സയ്ക്കും മറ്റുമായി സഹായങ്ങളെത്തി. കണ്ണൂർ സ്വദേശിയായ ശരണ്യയും അമ്മ ഗീതയും ദീർഘകാലമായി തിരുവനന്തപുരത്ത് വാടകവീട്ടിലായിരുന്നു താമസം. ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചെലവായി.

ശരണ്യയുടെ കൈപിടിച്ച് ഒപ്പമുണ്ടായിരുന്ന സീമാ ജി.നായരാണ് വീട് ഒരുക്കുന്നതിനും മുന്നിട്ടിറങ്ങിയത്. ലോകമെങ്ങുമുള്ള മലയാളികൾ സഹായിച്ചപ്പോൾ ചെമ്പഴന്തിയിൽ നാലു സെന്റ് സ്ഥലത്ത് ഒരു ഇരുനിലവീട് ഉയർന്നു. കഴിഞ്ഞ വിഷുവിനാണ് പാലുകാച്ചൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, അപ്പോഴേക്കും ശരണ്യക്ക് വീണ്ടും രോഗം മൂർച്ഛിച്ചു. പത്താം തവണയും ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടിവന്നു. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത ശരണ്യ ഫിസിയോതെറാപ്പിയിലൂടെ നടക്കാൻ തുടങ്ങി. ശരണ്യയും അമ്മയുമാണ് ഇവിടെ താമസം. നിർമാതാവ് രഞ്ജിത്ത്, നടൻ നന്ദു തുടങ്ങി സിനിമാ-സീരിയൽ രംഗത്തുള്ളവർ പാലുകാച്ച് ചടങ്ങിൽ പങ്കെടുക്കാനെത്തി.

Content Highlight: serial actress saranya house farming