കൊച്ചി: സംവിധായകനെതിരേ ആരോപണങ്ങളുമായി ജനപ്രിയ സീരിയൽ താരം നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ സീരിയയിലെ ‘നീലു’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നിഷ.

ഈ സീരിയലിന്റെ സംവിധായകനായ ആർ. ഉണ്ണിക്കൃഷ്ണന്റെ മോശം പെരുമാറ്റം എതിർത്തതിനെത്തുടർന്ന് പകയോടെ പെരുമാറുന്നുവെന്നും ഇതേ കാരണത്താൽ സീരിയലിൽനിന്ന് നീക്കംചെയ്തുവെന്നും നിഷ പറയുന്നു. സംവിധായകൻ സീരിയലിൽ തുടരുന്നിടത്തോളം ആ സീരിയലിൽ അഭിനയിക്കില്ലെന്നും നിഷ പറഞ്ഞു.

ലൊക്കേഷനിൽ പലതവണ സംവിധായകൻ മാനസികമായി അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. തന്നെക്കുറിച്ച് സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാനും ശ്രമിച്ചു. ലൊക്കേഷനിൽ നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പലവട്ടം പരാതിനൽകി. ചാനൽ എം.ഡി. താക്കീതുചെയ്തിട്ടും പ്രയോജനമുണ്ടായില്ല.

എല്ലാം സഹിച്ച് ഇത്രനാൾ തുടർന്നത് കുടുംബത്തിനുവേണ്ടിയാണ്. അവധിപോലും എടുക്കാതെ ജോലിചെയ്തത് കുടുംബത്തിലെ കാര്യങ്ങൾ കൃത്യമായി നടക്കാനായാണ്. വളരെയേറെ മാനസികസമ്മർദങ്ങൾ അനുഭവിച്ചെങ്കിലും താൻ കാരണം ആ സീരിയലിനൊന്നും സംഭവിക്കരുതെന്നു കരുതിയാണ് അഭിനയിച്ചത്.

ഇപ്പോൾ തന്നോടുള്ള വിരോധം കഥാപാത്രത്തോടും കാട്ടുകയാണ്. സംവിധായകൻ തുടരുന്നിടത്തോളംകാലം ആ സീരിയലിലേക്ക് തിരിച്ചുപോകില്ല. അല്ലാത്തപക്ഷം സംവിധായകനിൽനിന്ന് ഒരുതരത്തിലുള്ള മാനസിക പീഡനവും ഏൽക്കില്ലെന്ന് ചാനൽ ഉറപ്പുനൽകണമെന്നും അവർ പറഞ്ഞു.


നിഷ തുടരുമെന്ന് ചാനൽ

കൊച്ചി: നിഷയുടെ ആരോപണങ്ങൾക്ക് വിശദീകരണവുമായി ചാനലിന്റെ എഫ്.ബി. പോസ്റ്റ്‌. നിഷ സീരിയലിൽ തുടരുമെന്നും സീരിയലിൽനിന്ന് മാറ്റിയെന്ന വാർത്ത സത്യമല്ലെന്നും ചാനൽ അറിയിച്ചു. നിഷയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്നും തുടർന്നുള്ള ഭാഗങ്ങൾ കൊച്ചിയിൽ ചിത്രീകരിക്കുമെന്നും ചാനൽ അറിയിച്ചു. സംവിധായകനെ മാറ്റുമോ എന്നകാര്യത്തിൽ ചാനൽ നിലപാട് വ്യക്തമാക്കിയില്ല.

 

അന്വേഷിക്കണം -ഡബ്ല്യു.സി.സി.

കൊച്ചി: തൊഴിൽരംഗത്തെ സ്ത്രീപീഡനം തുറന്നുപറഞ്ഞ നിഷ സാരംഗിന്റെ കാര്യത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവാദിത്വം പോലീസിനുണ്ടെന്ന് വിമൻ ഇൻ സിനിമ കളക്ടീവ്.

‘നിഷ സാരംഗിന് സംഘടനയുടെ എല്ലാ പിന്തുണയുമുണ്ട്. ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും വേണ്ടിയുള്ളതാണ്, അങ്ങനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്കുവേണ്ടിയാണ്, അത് നീട്ടിക്കൊണ്ടു പോകാതിരിക്കാൻവേണ്ടിയാണ്’ - ‘അവൾക്കൊപ്പം’ എന്ന ഹാഷ്‌ടാഗോടെയിട്ട പോസ്റ്റിൽ പറയുന്നു.


വനിതാ കമ്മിഷൻ കേസെടുക്കും

തിങ്കളാഴ്ച സ്വമേധയാ കേസെടുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.