തിരുവനന്തപുരം: പോലീസ് മേധാവി ടി.പി. സെൻകുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണെന്നും ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണെന്നുമുള്ള കുറിപ്പോടെ, അദ്ദേഹത്തെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമാക്കാനുള്ള നിയമനശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറി. സെൻകുമാറുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് സർവീസിൽനിന്ന് വിരമിച്ചശേഷം അദ്ദേഹത്തിന് മറ്റൊരു നിയമനം ലഭിക്കുന്നതിനെ സർക്കാർ എതിർക്കുന്നത്. 

സെൻകുമാറിനെതിരായ പരാതികൾ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും  ഇക്കാര്യം സെലക്ഷൻ കമ്മിറ്റി അറിഞ്ഞിരുന്നില്ലെന്നും കേന്ദ്രത്തിന് നൽകിയ ഫയലിൽ സർക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാസ്ഥാപനമായ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അദ്ദേഹത്തെ നിയമിക്കുന്നത് അതിന്റെ വിശ്വാസ്യത തകർക്കും. മുതിർന്ന ഐ.എ.എസുകാരെയാണ് ട്രിബ്യൂണൽ അംഗങ്ങളാക്കുക, ഐ.പി.എസുകാരെയല്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

കൂടുതൽപേരെ ഉൾപ്പെടുത്തി നിയമനപട്ടിക വിപുലപ്പെടുത്താമെന്ന കുറിപ്പോടെ ഫയൽ ഗവർണർക്ക് നൽകാൻ കഴിഞ്ഞ 20-ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.  സെലക്ഷൻ കമ്മിറ്റി തീരുമാനത്തിൽ ഇടപെടാനാവില്ലെന്നും സർക്കാരിന്റെ അഭിപ്രായം പ്രത്യേകം കേന്ദ്രത്തെ അറിയിക്കാവുന്നതാണെന്നും ഗവർണർ പി. സദാശിവം മറുപടി നൽകി. ഗവർണർ ഇടപെടാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിയോജിപ്പോടെ ഫയൽ കേന്ദ്രത്തിനയച്ചാൽ മതിയെന്ന് കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതേത്തുടർന്നാണ് പ്രത്യേക കുറിപ്പുസഹിതം നിയമനശുപാർശ കേന്ദ്രത്തിന് കൈമാറുന്നത്.  

ട്രിബ്യൂണലിൽ രണ്ട്  ഒഴിവുകളാണുള്ളത്.  ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും ചീഫ് സെക്രട്ടറി, പി.എസ്.സി. ചെയർമാൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ്  യോഗ്യരായവരെ തിരഞ്ഞെടുത്ത് ശുപാർശചെയ്യേണ്ടത്.  സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും  കേന്ദ്രസർക്കാരിന്റെയും അഭിപ്രായമാരാഞ്ഞശേഷം സുപ്രീംകോടതിയാണ് അന്തിമതീരുമാനമെടുക്കുക.  

സെൻകുമാറിനെ കൂടാതെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിന്റെയും പേര് സെലക്ഷൻ കമ്മിറ്റി ശുപാർശചെയ്തിരുന്നു.  ഇതിൽ സംസ്ഥാനം നടപടിയെടുക്കുന്നത് അനന്തമായി നീണ്ടതോടെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നടപടികൾക്ക് ജീവൻവെച്ചത്.