താനൂർ: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ പി.എം. സുധാകരന് സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലി. ഒഴൂരിലെ പടിഞ്ഞാറേമഠത്തിൽ വീട്ടിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹം സംസ്‌കരിച്ചു. വിവിധ മേഖലയിലുള്ള പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരും താനൂരിന്റെ പ്രിയപ്പെട്ട ‘സുധാകരൻമാഷെ’ അവസാനമായി ഒന്നുകാണാൻ എത്തിയിരുന്നു.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, താനൂർ എം.എൽ.എ. വി. അബ്ദുറഹിമാൻ, മുസ്‌ലിംലീഗ് നേതാക്കളായ അബ്ദുറഹിമാൻ രണ്ടത്താണി, കുട്ടി അഹമ്മദ്കുട്ടി തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ദീർഘകാലമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം സഹോദരതുല്യമായ സ്നേഹമാണ് നൽകിയതെന്ന് മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

മാതൃഭൂമി മലപ്പുറം യൂണിറ്റ് വർക്സ് കമ്മിറ്റിക്കുവേണ്ടി റീജണൽ മാനേജർ വി.എസ്. ജയകൃഷ്ണൻ, കോഴിക്കോട് യൂണിറ്റ് വർക്സ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ. സനൽകുമാർ എന്നിവർ റീത്ത് സമർപ്പിച്ചു. മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ, മാതൃഭൂമി നോൺ ജേണലിസ്റ്റ് യൂണിയൻ, വോയ്സ് ഓഫ് മാതൃഭൂമി എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. വിവിധ സംഘടനകൾക്കുവേണ്ടിയും റീത്ത് സമർപ്പിച്ചു.

ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സുധാകരൻ അന്തരിച്ചത്. 74 വയസ്സായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ വിഭാഗം ജീവനക്കാരനായിരുന്നു. പിന്നീട് കുവൈത്ത്‌ ടൈംസ്, ഒമാൻ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപസമിതിയംഗമായി പ്രവർത്തിച്ചു.

താനൂർ ദേവധാർ സ്‌കൂളിൽ കുറച്ചുകാലം അധ്യാപകനായിരുന്നു. കുവൈത്തിൽ യുദ്ധത്തടവുകാരനായിരുന്നു. 21 വർഷമായി മാതൃഭൂമിയിൽ സേവനമനുഷ്ഠിക്കുന്നു. മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിന്റെ എക്സിക്യുട്ടീവ് അസിസ്റ്റന്റാണ് നിലവിൽ. മികച്ച വിവർത്തകനും ലേഖകനുമാണ്. മൂന്നു വാല്യങ്ങളുള്ള ‘മാതൃഭൂമിയുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ രചനയിൽ ഭാഗഭാക്കായിരുന്നു.

ഒഴൂർ പടിഞ്ഞാറേമഠത്തിൽ ശങ്കരൻ വൈദ്യരുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: ചോലക്കോട്ടിൽ രത്നകുമാരി. മക്കൾ: സജ്ന സുധാകർ (അധ്യാപിക, എസ്.എസ്.എം.എച്ച്.എസ്. തെയ്യാലിങ്ങൽ, താനൂർ), സന്ദീപ് സുധാകർ (സബ് എഡിറ്റർ, മാതൃഭൂമി കോട്ടയ്ക്കൽ). മരുമക്കൾ: അഡ്വ. ബാലകൃഷ്ണൻ (തിരൂർ കോടതി), ഋതു. സഹോദരങ്ങൾ: പരേതനായ പ്രഭാകരൻ വൈദ്യർ, സത്യഭാമ, ശ്രീദേവി. സഞ്ചയനം പിന്നീട്.

Content Highlights: Senior Journalist Pm Sudhakaran's Funeral Held in Tanur