ചേര്‍ത്തല: വിദ്യാര്‍ഥികളില്ലാത്തതിനാല്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പ്രതിസന്ധിയില്‍. കഴിഞ്ഞവര്‍ഷം അഞ്ചു കോളേജുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇക്കുറി അഞ്ചെണ്ണംകൂടി അടയ്ക്കാന്‍ സംസ്ഥാന സാങ്കേതിക സര്‍വകലാശാലയ്ക്കു കത്തുനല്‍കി.

പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ചു കോളേജുകളാണ് അടച്ചത്. പാതിവഴിയില്‍ കോളേജുകള്‍ പൂട്ടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് അവിടെയുള്ള വിദ്യാര്‍ഥികളാണ്. ഇവരെ സാങ്കേതിക സര്‍വകലാശാല മുന്‍കൈ എടുത്താണ് മറ്റു കോളേജുകളിലേക്കു പുനഃക്രമീകരിക്കുന്നത്. എന്നാല്‍, തങ്ങളുടെ താത്പര്യങ്ങള്‍ക്ക് പരിഗണന നല്‍കാതെയാണ് ഈ ക്രമീകരണങ്ങളെന്നത് വിദ്യാര്‍ഥികളെ പ്രതിസന്ധിയാലാക്കുന്നു.

152 എന്‍ജിനീയറിങ് കോളജുകളാണ് സംസ്ഥാന സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ളത്. 56,000 സീറ്റുകളുള്ളതില്‍ കഴിഞ്ഞവര്‍ഷം 30,200 സീറ്റുകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത്. ഇനിയും കുറഞ്ഞാല്‍ കൂടുതല്‍ കോളേജുകളുടെ നടത്തിപ്പിനെ ബാധിക്കും.

മറ്റു സംസ്ഥാനങ്ങളിലെ കോളജുകളെക്കാള്‍ ഉന്നതപഠന നിലവാരം കാക്കുന്നുണ്ടെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ വിജയശതമാനവുമായി തട്ടിക്കുമ്പോള്‍ പലപ്പോഴും ഇവിടത്തെ സ്ഥാപനങ്ങള്‍ പിന്നിലാണ്. ഇതാണ് വിദ്യാര്‍ഥികളെ മറ്റിടങ്ങളിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.

പ്രതിസന്ധി താത്കാലികം

ഇപ്പോഴുള്ള പ്രതിസന്ധി താത്കാലികം മാത്രമാണ്. അടുത്ത അധ്യയന വര്‍ഷത്തില്‍ വലിയമാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കൂടുന്നുണ്ട്. വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനു തടസ്സമാകുന്ന നടപടികളുണ്ടായിട്ടില്ല.

കെ.ജി. മധു, സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി

പഠനം താറുമാറാക്കും

പാതിവഴിയില്‍ കോളേജുകള്‍ പൂട്ടാന്‍ അനുമതി നല്‍കിയാല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനം താറുമാറാകും. ബാങ്ക് വായ്പ, ഫീസ്, ദൂരം തുടങ്ങിയവയുടെയെല്ലാം നഷ്ടംപേറേണ്ടതു വിദ്യാര്‍ഥികളാണ്.

അഭിജിത്ത് ഓമനക്കുട്ടന്‍,വിദ്യാര്‍ഥി, കെ.വി.എം. എന്‍ജിനീയറിങ് കോളേജ്, ചേര്‍ത്തല.