തിരുവനന്തപുരം: സ്വയംഭരണ കോളേജുകളുടെ നടത്തിപ്പിനായുള്ള പുതിയ നിയമത്തിന് സർക്കാർ രൂപംനൽകി. എല്ലാ സർവകലാശാലകളുടെയും നിയമത്തിൽ ഭേദഗതി വരുംവിധമുള്ള ഓർഡിനൻസായിട്ടായിരിക്കും നിയമം കൊണ്ടുവരുക. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ പരിഗണനയ്ക്ക് വന്നേക്കും.

സ്വയംഭരണ കോളേജുകളുടെ നടത്തിപ്പിന് നിലവിൽ യു.ജി.സി. ചട്ടങ്ങളാണുള്ളത്. എന്നാൽ, പ്രയോഗികതലത്തിൽ ഇവയിൽ അവ്യക്തതയുണ്ട്. സർവകലാശാലകളും സ്വയംഭരണ കോളേജ് അധികൃതരും തമ്മിൽ സ്ഥിരമായ ഏറ്റുമുട്ടലുമുണ്ടാകുന്നു. യു.ജി.സി. നൽകുന്ന സ്വാതന്ത്ര്യം പലപ്പോഴും രാഷ്ട്രീയവിരോധത്തിന്റെയും മറ്റും പേരിൽ സിൻഡിക്കേറ്റുകൾ അനുവദിക്കുന്നില്ലെന്ന പരാതി കോളേജ് മാനേജ്‌മെന്റുകൾക്കുണ്ട്. ഈ സാഹചര്യത്തിലാണ് സ്വയംഭരണ കോളേജുകളുടെ നടത്തിപ്പിൽ സർവകലാശാലകൾക്ക് എത്രത്തോളം ഇടപെടാമെന്ന് നിർവചിച്ച് നിയമനിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചത്.

കോഴ്‌സിനും സിലബസിനും അനുമതി നൽകാൻ സമിതി

സ്വയംഭരണ കോളേജുകൾ നിർദേശിക്കുന്ന കോഴ്‌സുകൾക്കും അവയുടെ സിലബസിനും അംഗീകാരം നൽകാൻ പി.വി.സി. അധ്യക്ഷനായി വിദഗ്‌ധരടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്ന് പുതിയനിയമത്തിൽ പറയുന്നു. സമിതി ഒരു മാസത്തിനകം അംഗീകാരം നൽകണം.

സ്വയംഭരണ കോളേജുകൾക്ക് സ്വന്തംനിലയിൽ കോഴ്‌സുകൾ തുടങ്ങാനും സിലബസ് തയ്യാറാക്കാനും അവകാശമുണ്ട്. ഇതിനുള്ള സർവകലാശാലാ അംഗീകാരം ഒരു മാസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കരുതി കോഴ്‌സുമായി മുന്നോട്ടുപോകാമെന്നാണ് യു.ജി.സി ചട്ടം. അംഗീകാരം നൽകുന്നത് അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ സർവകലാശാലാ സമിതികളാണ്. ഈ സമിതികളുടെ അനുമതി ലഭിക്കാൻ ഒരു വർഷത്തോളമെടുക്കും. ഇതിനിടെ കോളേജുകൾ കോഴ്‌സ് തുടങ്ങുകയും സർവകലാശാല അതംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമംകൊണ്ടുവരുന്നത്.

പരാതി കേൾക്കുന്നത് ഗവ. സെക്രട്ടറിയും വി.സി.യും

സ്വയംഭരണ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച പരാതികൾ കേൾക്കാൻ സർക്കാർതലത്തിൽ സമിതിയുണ്ടാകും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും വൈസ് ചാൻസലറും സമിതിയിൽ ഉൾപ്പെടും. നിലവിൽ ഇതുണ്ടായിരുന്നില്ല. സ്വയംഭരണകോളേജുകളുടെ ഭരണസമിതിയിൽ സർവകലാശാലാ പ്രതിനിധി വേണമെന്നേ നേരത്തേ നിബന്ധനയുണ്ടായിരുന്നുള്ളൂ. സർവകലാശാലാ പ്രതിനിധി പ്രൊഫസറായിരിക്കണമെന്ന്‌ ഭേദഗതിയിൽ നിർദേശിക്കുന്നു.