കൊച്ചി: പാഠ്യപദ്ധതിയിൽ പ്രഥമശുശ്രൂഷാ വിഷയങ്ങളുടെ ക്ളാസുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിക്ക്, ക്ളാസ് വൈകാതെ ആരംഭിക്കാമെന്ന് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

മാതൃഭൂമി സീഡ് റിപ്പോർട്ടറായ കോതമംഗലം പിണ്ടിമന ഗവൺമെൻറ് യു.പി. സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനി വൈഗ അനീഷാണ് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതിയത്. സീഡ് റീപ്പോർട്ടറുടെ കത്ത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. പകൽ പല വീടുകളിലും കുട്ടികൾ തനിച്ചാണ്. ഈ സമയത്ത് വൈദ്യുതാഘാതം, മുറിവുകൾ, തീപ്പൊള്ളൽ തുടങ്ങിയവയൊക്കെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വൈഗ കത്തിൽ ചൂണ്ടിക്കാണിച്ചു. വിക്ടേഴ്സ് ചാനലിലൂടെ പ്രഥമശുശ്രൂഷാ പാഠങ്ങൾ സംപ്രേഷണം ചെയ്താൽ പലരുടെയും ജീവൻ രക്ഷിക്കാൻ സഹായകമാവുമെന്നും പറഞ്ഞിരുന്നു.

മാതൃഭൂമി സീഡ് റിപ്പോർട്ടറായ വൈഗയുടെ കുറിപ്പ് കണ്ടുവെന്നും കലാ കായിക പഠന ക്ളാസുകളുടെ ഡിജിറ്റൽ സംപ്രേഷണം കൈറ്റ് - വിക്ടേഴ്‌സ് ചാനലിൽ വൈകാതെ ആരംഭിക്കുമെന്നുമാണ് മന്ത്രി ശിവൻകുട്ടി മറുപടിയിൽ പറഞ്ഞിട്ടുള്ളത്. ഭക്ഷണം, വ്യായാമം, യോഗ, ശുചിത്വം, മാനസികാരോഗ്യം തുടങ്ങിയവയും വിക്ടേഴ്‌സ് ക്ലാസിൽ ഉൾപ്പെടുത്തണമെന്ന് വൈഗ ആവശ്യപ്പെട്ടിട്ടുണ്ട് . ഈ നിർദേശങ്ങളും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.