തിരുവനന്തപുരം: ചരിത്രവിജയത്തിൽ ആഹ്ളാദാരവം മുഴക്കാൻ മഹാമാരി കാരണം അണികൾക്ക് എത്താനായില്ല. എന്നാലും പിണറായി വിജയന്റെ തുടർഭരണത്തിന്റെ സത്യപ്രതിജ്ഞാചടങ്ങിന് ആ ചരിത്രമുഹൂർത്തിന്റെ പ്രൗഢി മങ്ങിയില്ല.

അകലംപാലിച്ചുള്ള ഇരിപ്പിടങ്ങൾ. ഇരട്ട മാസ്ക് അണിഞ്ഞ കരുതൽ. കേരളത്തിന്റെ പരിച്ഛേദംപോലെ ക്ഷണിക്കപ്പെട്ട സദസ്സ്. ഐക്യകേരളത്തിന്റെ ചരിത്രത്തിലെ 23-ാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സെൻട്രൽ സ്റ്റേഡിയത്തിലെ ദൃശ്യം ഇതായിരുന്നു.

സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് മുമ്പാകെ വ്യാഴാഴ്ച 3.30-നാണ് പിണറായി വിജയന്റെ രണ്ടാംസർക്കാർ അധികാരമേറ്റത്. മൂന്നുവനിതകൾ ഉൾപ്പെടെ 17 പുതുമുഖങ്ങളുള്ള മന്ത്രിസഭ. ആളെക്കുറയ്ക്കാൻ മന്ത്രിമാരിൽ ചിലർപോലും കുടുംബാംഗങ്ങളെ ഒപ്പംകൂട്ടാതെയാണ് വന്നത്.

ആദ്യം മുഖ്യമന്ത്രി പിണറായി വിജയനാണ് സത്യപ്രതിജ്ഞചെയ്തത്. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹസ്തദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക്‌ എത്തിയത്. രണ്ടാമത് സി.പി.ഐ.യുടെ നിയമസഭാകക്ഷി നേതാവായ കെ. രാജൻ. തുടർന്ന് ഘടകകക്ഷിനേതാക്കളായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, സി.പി.എം. സ്വതന്ത്രനായ വി. അബ്ദുറഹ്മാൻ എന്നിവരെയാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ക്ഷണിച്ചത്.

പിന്നീട് അക്ഷരമാലാക്രമത്തിൽ മറ്റ് മന്ത്രിമാരെയും. മുഖ്യമന്ത്രിയുടെ സഗൗരവ പ്രതിജ്ഞയിൽ തുടങ്ങിയ ചടങ്ങ് അവസാനിച്ചത് മന്ത്രിസഭയിലെ ഇളമുറക്കാരിയായ വീണാജോർജിന്റെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയിൽ.

സത്യപ്രതിജ്ഞയ്ക്കുമുമ്പ് ചലച്ചിതതാരങ്ങളുടെയും സാംസ്കാരികപ്രമുഖരുടെയും ആശംസാസന്ദേശങ്ങൾ വേദിയിലെ സ്‌ക്രീനിൽ തെളിഞ്ഞു.

ചടങ്ങിന് പ്രതിപക്ഷത്തുനിന്ന് ആരും എത്തിയില്ല. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പി.സി. ചാക്കോ, ജോസ് കെ. മാണി, എം.വി. ശ്രേയാംസ്‌കുമാർ, വെള്ളാപ്പള്ളി നടേശൻ, കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.