നിലമ്പൂർ: എട്ടാം തീയതി പോത്തുകല്ല് കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ചൊവ്വാഴ്ച അവസാനിപ്പിക്കും. പോത്തുകല്ല് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽച്ചേർന്ന സർവകക്ഷിയോഗത്തിലാണ് കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായമാരാഞ്ഞ് താത്കാലികമായി തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

കുറച്ചുദിവസങ്ങളായി മഴ തുടരുന്ന സ്ഥിതിയിൽ മലയിടിഞ്ഞുവന്ന മണ്ണ് ചെളിയായി മാറിയതിനാൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തിരച്ചിൽ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല ദുരന്തമുണ്ടായി 17 ദിവസം പിന്നിട്ടതിനാൽ ഇനി മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും കണ്ടാൽത്തന്നെ തിരിച്ചറിയാൻ പ്രയാസമാവുമെന്നും യോഗം വിലയിരുത്തി.

ദുരന്തത്തിൽ 59 പേരെയാണ് കാണാതായിരുന്നത്. ഇതിൽ 48 പേരുടെ മൃതദേഹങ്ങൾ വിവിധ ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. 11 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.

കാണാതായ 11 പേരെയും മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ പ്രത്യേക സർക്കാർ ഉത്തരവുവഴി നൽകുമെന്ന് സർക്കാരിന്റെ ഉറപ്പ് കിട്ടിയതായി ജില്ലാകളക്ടർ ജാഫർ മാലിക് യോഗത്തിൽ അറിയിച്ചു.

ചെളിമാറിയാൽ വീണ്ടും പരിശോധന നടത്താമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽ സ്ഥലവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സ്ഥലംവാങ്ങാൻ ആറുലക്ഷവും വീടുവെക്കാൻ നാലു ലക്ഷവും സർക്കാർ നൽകും. സ്വന്തം നിലയ്ക്ക് ഭൂമി കണ്ടെത്തി വാങ്ങാവുന്നതാണ്. ആദിവാസികൾക്ക് ഭൂമി കണ്ടെത്തിനൽകാനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. അവർക്ക് മൊത്തം 12 ലക്ഷം രൂപയാണ് നൽകുക.

മണ്ണിടിച്ചിലുണ്ടായ സ്ഥലവും അതിനോടുചേർന്ന സ്ഥലവും ഇനി വാസയോഗ്യമാണോ എന്ന് ജിയോളജി വിഭാഗം പരിശോധന നടത്തിവരികയാണ്. 28-ന് റിപ്പോർട്ട് നൽകും.

കാണാതായവരുടെ പേരിലുള്ള സ്ഥലം സംബന്ധിച്ചോ മറ്റു രേഖകൾ സംബന്ധിച്ചോ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ തർക്കമില്ലാതെ പരിഹരിക്കും. കാണാതായ 11 പേരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതായും മണ്ണിടിച്ചിലിൽ മരിച്ചതാവുമെന്നുമുള്ള ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴി രേഖപ്പെടുത്തിയാണ് മരിച്ചുവെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനാവശ്യമായ രേഖകൾ റവന്യു, പോലീസ് വിഭാഗങ്ങൾ നൽകും.

യോഗത്തിൽ പി.വി. അൻവർ എം.എൽ.എ., ജില്ലാകളക്ടർ ജാഫർ മാലിക്, നിലമ്പൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതൻ, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം ഒ.ടി. ജെയിംസ്, സബ് കളക്ടർ ഡോ. ജെ.ഒ. അരുൺ, തഹസിൽദാർ വി. സുഭാഷ് ചന്ദ്രബോസ്, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ പി. ശ്രീകുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല അരവിന്ദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.

content highlights: search in kavalappara