ആലപ്പുഴ/കോട്ടയം/തൃശ്ശൂർ: ആർക്കും കേവല ഭൂരിപക്ഷമില്ലാതെ ഭരണം അനിശ്ചിതത്വത്തിലായ നാലു പഞ്ചായത്തുകളിൽ അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തിയപ്പോൾ നേട്ടമുണ്ടാക്കിയത് ബി.ജെ.പി. പിന്നെ എൽ.ഡി.എഫും.

ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലായുള്ള നാലു പഞ്ചായത്തുകളിൽ രണ്ടുവീതം എണ്ണത്തിന്റെ അധ്യക്ഷസ്ഥാനം എൽ.ഡി.എഫും ബി.ജെ.പി.യും നേടി.

രണ്ടുതവണ യു.ഡി.എഫ്. പിന്തുണയോടെ സി.പി.എം. അംഗം പ്രസിഡന്റാവുകയും പിന്നീട് രാജിവെക്കുകയും ചെയ്ത ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ ചൊവ്വാഴ്ച നടന്ന മൂന്നാം തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ പ്രസിഡന്റ് സ്ഥാനം കിട്ടി. ബിന്ദു പ്രദീപാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിന്ദുവിന് ഏഴു വോട്ടും എതിർസ്ഥാനാർഥി സി.പി.എമ്മിലെ വിജയമ്മയ്ക്ക് നാലുവോട്ടും ലഭിച്ചു. യു.ഡി.എഫ്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

ആലപ്പുഴ തിരുവൻവണ്ടൂരിൽ മൂന്നാംതവണയും യു.ഡി.എഫ്. പിന്തുണയോടെ എൽ.ഡി.എഫിന് പ്രസിഡന്റു സ്ഥാനം ലഭിച്ചു. എൽ.ഡി.എഫിലെ ബിന്ദു കുരുവിളയെ പ്രസിഡന്റായും ബീനാ ബിജുവിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ആദ്യ രണ്ടുതവണയും യു.ഡി.എഫ്. പിന്തുണയോടെ എൽ.ഡി.എഫ്. വിജയിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു.

ഇവിടെ ഏറ്റവുംവലിയ ഒറ്റക്കക്ഷി ബി.ജെ.പി.യാണ്. എൽ.ഡി.എഫിന് ആറും ബി.ജെ.പി.ക്ക് അഞ്ചും വോട്ടു ലഭിച്ചു. ഒരു വോട്ട് അസാധുവായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബി.ജെ.പി. ബഹിഷ്കരിച്ചു.

പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്തിൽ എസ്.ഡി.പി.ഐ. പിന്തുണയോടെ സി.പി.എം. അധികാരം നേടി. സി.പി.എമ്മിലെ ബിനു ജോസഫ് പ്രസിഡന്റായും ജമീലാ ബീവി വൈസ് പ്രസിഡന്റായും വിജയിച്ചു. നേരത്തേ രണ്ടുതവണ ഇതേസ്ഥാനാർഥികൾ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്നും എസ്.ഡി.പി.ഐ. പിന്തുണച്ചിരുന്നു.

എന്നാൽ, എസ്.ഡി.പി.ഐ. പിന്തുണ സ്വീകരിക്കില്ലെന്ന വാദവുമായി ഇവർ രാജിവെക്കുകയായിരുന്നു. ബിനു ജോസഫും ബി.ജെ.പി.യിലെ ദീപ്തി ദാമോദരനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്. എസ്.ഡി.പി.ഐ. അംഗം ജസീല സിറാജിന്റെ അടക്കം ബിനു ജോസഫിന് ആറുവോട്ടു കിട്ടി. ദീപ്തി ദാമോദരന് അഞ്ചുവോട്ട്‌ ലഭിച്ചു. കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു.

തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിൽ പ്രസിഡന്റായി ബി.ജെ.പി.യുടെ ഹരി സി. നരേന്ദ്രനും വൈസ് പ്രസിഡന്റായി ഗീത സുകുമാരനും അധികാരമേറ്റു. കോടതിവിധി അനുസരിച്ചാണ് ഇവർ നിയോഗിക്കപ്പെട്ടത്. മുമ്പ് രണ്ടുതവണ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടന്നെങ്കിലും തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. അംഗങ്ങൾ രാജിവെക്കുകയായിരുന്നു. ഇതിനിടെ ബി.ജെ.പി. അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. കോടതിവിധി ഇവർക്ക് അനുകൂലമായി.

ബി.ജെ.പി.ക്ക് ഇവിടെ ആറംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും അംഗങ്ങളുണ്ട്.

Content Highlights: SDPI supports LDF in Kottangal and UDF in Thiruvandoor