കൊല്ലം: കരുനാഗപ്പള്ളി നഗരത്തിലൂടെ അഞ്ചുവയസ്സിനുതാഴെ പ്രായമുള്ള മകളെകൊണ്ട് സ്‌കൂട്ടർ ഓടിപ്പിച്ച പിതാവിനും വാഹന ഉടമയ്ക്കുമെതിരേ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ദേശീയപാതയിലൂടെ കുട്ടി സ്കൂട്ടർ ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടതോടെയാണ് നടപടി ഉണ്ടായത്. ചവറ പന്മന സ്വദേശിനി സബീനയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. കരുനാഗപ്പള്ളി പുത്തൻതെരുവ് ഷംനാ മൻസിലിൽ ഷംനാദ് ഈ സ്കൂട്ടറുമായി വീട്ടിലേക്ക് പോകവേയാണ് മകൾക്ക് ഹാൻഡിൽ കൈമാറിയത്.

നഗരത്തിലൂടെ 200 മീറ്ററോളം ദൂരം കുട്ടിയുടെ നിയന്ത്രണത്തിലായിരുന്നു സ്കൂട്ടർ. ദേശീയപാതയിലൂടെ പോയവരും മറ്റും ഇത് കണ്ടമ്പരന്നു. ദൃശ്യങ്ങൾ പകർത്തുന്നതായി മനസ്സിലായതോടെയാണ് ഷംനാദ് സ്കൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

വാർത്ത വന്നതോടെ മോട്ടോർവാഹന വകുപ്പ് അന്വേഷണം തുടങ്ങി. വാഹന ഉടമയായ സബീനയ്ക്കും ഷംനാദിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി ലഭിക്കുന്ന മുറയ്ക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷനും ഷംനാദിന്റെ ലൈസൻസും റദ്ദാക്കുമെന്ന് കരുനാഗപ്പള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. ദിലീപ് അറിയിച്ചു.

Content Highlights: Child driving-Motor Vehicles Department- action