തിരുവനന്തപുരം: കോവിഡ് വ്യാപനം തീർത്ത ഒന്നരവർഷത്തെ അവധിക്കു വിരാമമിട്ട് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. നവംബർ ഒന്നുമുതൽ വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ അനുമതി നൽകാമെന്നാണ് കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനം.

ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നിനു തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസും ആരംഭിക്കും. 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് വിദഗ്ധാഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിൽ പ്രതിരോധശേഷി കൂടുതലുള്ളതിനാൽ, രോഗബാധാ സാധ്യത കുറവാണ്.

സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകൾ സംയുക്തമായി യോഗംചേർന്ന് തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്കൂളുകളിൽ ഹാജരാകേണ്ടെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്. സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വിദ്യാർഥികൾ സ്കൂളിൽ കൂട്ടത്തോടെ എത്തുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ വേണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്കുകൾ തയ്യാറാക്കും. സ്കൂളിലും മാസ്കുകൾ കരുതണം. ഒക്ടോബർ 18 മുതൽ കോളേജ് തലത്തിൽ എല്ലാ ക്ലാസുകളും തുടങ്ങുകയാണ്. വാക്സിനേഷൻ സ്വീകരിച്ച വിദ്യാർഥികളാണ് കോളേജിലെത്തുക. ഇതിനുമുമ്പ് 18 വയസ്സിനു മുകളിലുള്ള വിദ്യാർഥികളുടെ വാക്സിനേഷൻ പൂർത്തിയാക്കും.

ഹോട്ടലിൽ ഇരുന്ന് കഴിക്കൽ: തീരുമാനമായില്ല

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബസിൽ നിന്ന് യാത്രചെയ്യാനും അനുമതി നൽകണമെന്ന ആവശ്യം യോഗത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ചർച്ചചെയ്തില്ല. ഇവ പിന്നീട് പരിഗണിക്കും.

ഡബ്ല്യു.ഐ.പി.ആർ. 10-ൽ കൂടിയാൽ മാത്രം അടച്ചിടൽ

പ്രതിവാര രോഗവ്യാപന അനുപാതം 10-ൽ കൂടുതലുള്ള വാർഡുകളിലായിരിക്കും ഇനി അടച്ചിടൽ. നിലവിൽ ഇത് എട്ടാണ്‌. ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനത്തിൽ എത്തുന്നതിനാൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തും.

സർക്കാർ-സ്വകാര്യ ആശുപത്രികളിൽ അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ നിർേദശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന. മരണനിരക്ക് കൂടുതലുള്ള 65 വയസ്സിനു മുകളിലുള്ളവരിൽ വാക്സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി അത് നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും.

ആർ.ആർ.ടി.കൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സമ്പർക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവർ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.