തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകളിൽ ഒമ്പതുവരെയുള്ള ക്ലാസുകൾ 21 മുതൽ അടച്ചിടും. രണ്ടാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെ ക്ലാസ്‌ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ഓൺലൈൻ ക്ലാസുകൾ രണ്ടാഴ്ചയ്കുശേഷവും തുടരണോയെന്നത് ഫെബ്രുവരി രണ്ടാംവാരം പരിശോധിക്കും.

ഓൺലൈനിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പുകൾക്കുവേണ്ടിയാണ് 21 വരെ നീട്ടിയത്. വിശദ മാർഗരേഖ തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കുശേഷം തീരുമാനിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ മേധാവിമാർക്ക് അധികാരംനൽകി.

കോവിഡ് വ്യാപനത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുള്ളതായി മന്ത്രി വി. ശിവൻകുട്ടി അവലോകനയോഗത്തിൽ അറിയിച്ചിരുന്നു. വിദഗ്ധസമിതിയുടെ നിർദേശംകൂടി കണക്കിലെടുത്താണ് ഓൺലൈൻക്ലാസിലേക്ക് മാറാൻ തീരുമാനിച്ചത്. വാർഷികപരീക്ഷ നിശ്ചയിച്ച സാഹചര്യത്തിലാണ് പത്തുമുതലുള്ള ക്ലാസുകൾ തുടരുന്നത്.

10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽത്തന്നെ വാക്സിൻ നൽകുന്നതിന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഗർഭിണികൾക്ക് വർക്ക്‌ ഫ്രംഹോം പൊതുചടങ്ങുകൾക്ക് നിയന്ത്രണം

സർക്കാർഓഫീസുകളിൽ ഗർഭിണികൾക്ക് വർക്ക് ഫ്രംഹോം അനുവദിക്കും. മാളുകളിൽ 25 ചതുരശ്രയടിയിൽ ഒരാളെന്ന നിലയിലാണ്‌ പ്രവേശിപ്പിക്കുക. സർക്കാർ, അർധസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈനായി നടത്തണം. രോഗസ്ഥിരീകരണനിരക്ക് 20 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പതായി പരിമിതപ്പെടുത്തും. നിലവിൽ വിവാഹം, മരണാനന്തരച്ചടങ്ങുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണമുണ്ട്. കൂടുതൽപേർ പങ്കെടുക്കേണ്ട നിർബന്ധിതസാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. 30 ശതമാനത്തിൽ കൂടുതൽവന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.