തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നകാര്യം ഗൗരവമായി ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുണ്ട്.

കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർഥികളുടെ വാക്സിനേഷൻ ആരോഗ്യവകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തും. കോളേജുകളിലെത്തുന്നതിനുമുമ്പ് എല്ലാ വിദ്യാർഥികളും ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണം. കോളേജ്, സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സിൻ എടുക്കാത്ത വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് നൽകും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.

സെപ്റ്റംബർ 30-നകം 18-ന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിനു മുകളിലുള്ള 78.03 ശതമാനം പേർക്ക് (2,23,94,059) ഒരു ഡോസ് വാക്സിനും 30.16 ശതമാനം പേർക്ക് (86,55,858) രണ്ടുഡോസ് വാക്സിനും നൽകിയിട്ടുണ്ട്.

മരണമടഞ്ഞവരിൽ 95 ശതമാനത്തിലധികവും വാക്സിൻ ലഭിക്കാത്തവരായിരുന്നു. ആകെ രോഗികളിൽ ഒരു ശതമാനം മാത്രമേ ഐ.സി.യു.വിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നിപ: സമ്പർക്കപ്പട്ടിക തയ്യാറാക്കും

തിരുവനന്തപുരം: നിപ ബാധിതനായ കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ മറ്റു ജില്ലകളിലുള്ളതിനാൽ അവരുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക ജില്ലകളിൽ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാംപിൾ ശേഖരിക്കും. വവ്വാലുകളുടെയും വവ്വാൽ കടിച്ച പഴങ്ങളുടെയും സാംപിളുകൾ ഭോപാൽ പരിശോധനാ കേന്ദ്രത്തിലേക്ക് അയക്കും.

നേരിയ ലക്ഷണങ്ങൾ ഉള്ളതും റൂം ക്വാറെന്റൈനിൽ കഴിയുന്നതുമായ ആളുകൾക്ക് സൗകര്യപ്രദമാകും വിധം കോവിഡ്/നിപ ടെസ്റ്റുകൾ നടത്തുന്നതിനു നാല് മൊബൈൽ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. നിപ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള ഇ- ഹെൽത്ത് കമ്യൂണിക്കബിൾ ഡിസീസസ് മാനേജ്‌മെന്റ് സോഫ്റ്റ് വെയർ സജ്ജമാക്കി. ഭാവിയിൽ എല്ലാ സാംക്രമിക രോഗങ്ങളുടെ വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്നും അദ്ദേഹം പറഞ്ഞു.