ഗാന്ധിനഗർ (കോട്ടയം: തോമസിന്റെയും നീനയുടെയും കരുതലിൽ മലയാളികളായി മാറിയ കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്. കേരളപ്പിറവിദിനത്തിൽ അവർ മലയാളം പഠിക്കാൻ തുടങ്ങും.

2019-ൽ ഒരു യാത്രയ്ക്കിടയിൽ പുണെയിലെ റെയിൽവേ സ്റ്റേഷനിലാണ് പുതുപ്പള്ളി, പേരേപ്പറമ്പിൽ, തോമസും ഭാര്യ നീനയും ആ നാലു പെൺകുട്ടികളെ കണ്ടുമുട്ടിയത്. ആരുമില്ലായിരുന്നു അവർക്ക്. എയ്റ എൽസ തോമസ് (9), ഇരട്ടകളായ ആൻഡ്രിയ റോസ് തോമസ് (8), ഏലയ്ൻ സാറാ തോമസ് (8), അലക്സാൻഡ്രിയ സാറാ തോമസ് (6) എന്നിവരെ ആ ദമ്പതികൾ സ്വന്തം ജീവിതത്തിലേക്ക് ചേർത്തു.

കോട്ടയം മെഡിക്കൽ കോളേജിൽ വികസന സമിതിയുടെ കീഴിൽ പി.ആർ.ഒ.യാണ് തോമസ്. ഒരു സുഹൃത്തിന്റെ സഹായത്തോടെ കുട്ടികളെ താത്കാലികമായി ഏറ്റെടുത്ത് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി. ‘മാതൃഭൂമി’യിലൂടെ ആ നല്ല വാർത്ത പുറംലോകമറിഞ്ഞു.

കുഞ്ഞുങ്ങൾക്ക് വീടും വീട്ടുകാരുമുണ്ടായി. ഇനി സ്കൂളും പഠനവും. കോട്ടയം സെയ്‌ന്റ് ആൻസ് സ്കൂളിൽ എയ്റ നാലാംക്ലാസിലും ആൻഡ്രിയയും ഏലയ്നും മൂന്നാംക്ലാസിലും അലക്സാൻഡ്രിയ ഒന്നാംക്ലാസിലുമാണ് പ്രവേശനം നേടിയത്. ലോക് ഡൗൺ കാലത്ത് നീന എല്ലാവരെയും മലയാളം പഠിപ്പിച്ച് സ്കൂൾ പ്രവേശനത്തിന് സജ്ജരാക്കിയിട്ടുണ്ട്.

ആദ്യമായി യൂണിഫോം കിട്ടിയതിന്റെ ആവേശത്തിലായിരുന്നു ഇളയകുട്ടി അലക്സാൻഡ്രിയ. മക്കൾ യൂണിഫോം ഇട്ടു കാണാനായതിന്റെ സന്തോഷത്തിലും തോമസ് ഓർമിപ്പിച്ചു- ‘‘മാസ്കിടാനും മറക്കരുത്’’