അച്ചൻകോവിൽ(കൊല്ലം): ഞായറാഴ്ച രാവിലെ 10 മണി. അച്ചൻകോവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനടുത്ത് വനത്തോടു ചേർന്ന് പാറമേൽ ഇരിക്കുകയാണ് ഏഴു കുട്ടികൾ. രണ്ട് ഏഴാം ക്ലാസുകാർ, മൂന്ന് അഞ്ചാം ക്ലാസുകാർ, നാലിലും മൂന്നിലും പഠിക്കുന്ന ഓരോരുത്തർ. അച്ചൻകോവിൽ ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ ഈ കുട്ടികൾ ഇങ്ങനെ വട്ടംചുറ്റുന്ന വാട്‌സാപ്പ് ശബ്ദസന്ദേശങ്ങൾക്ക് കാതോർത്ത് പാറമേലും പാതവക്കത്തുമിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

കോവിഡ് അടച്ചിടൽ തീർത്ത ഒന്നരക്കൊല്ലവും ഇവർക്ക് അക്ഷരങ്ങളുടെ ലോകം അകലെയായിരുന്നു. പലർക്കും ഓൺലൈൻ ക്ലാസിനാവശ്യമായ ഫോണില്ല. ഫോണുള്ളവർക്ക് റേഞ്ചില്ല. മഴയായാൽ മണിക്കൂറുകൾ വൈദ്യുതിയുണ്ടാവില്ല. ഇതോടെ വനമധ്യത്തിലുള്ള അച്ചൻകോവിൽ ഗ്രാമത്തിൽ ഓൺലൈൻ പഠനശ്രമങ്ങൾ പേരിനു മാത്രമായി.

വീണ്ടും പള്ളിക്കൂടം തുറക്കുമ്പോൾ ഇവർക്ക് തിരിച്ചുകിട്ടുന്നത് നഷ്ടപ്പെട്ട പഠനാവസരമാണ്. ‘‘സ്കൂളിൽ പോകാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. വൈദ്യുതിയില്ലെങ്കിലും നെറ്റ്‌വർക്കില്ലെങ്കിലും ക്ലാസ് നടക്കുമല്ലോ’’ -ഏഴാം ക്സാസുകാരൻ ഗോകുൽ പ്രദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലായി ആകെ 248 കുട്ടികളാണ് സ്കൂളിലുള്ളത്. ഇവരിൽ ഭൂരിഭാഗവും സ്കൂളിലെത്താൻ സമ്മതപത്രം നൽകി. 65 ശതമാനവും പട്ടികജാതി, വർഗ വിഭാഗങ്ങളിലെ കുട്ടികളാണിവിടെ. ഉൾവനത്തിൽ താമസിക്കുന്ന മലമ്പണ്ടാരവിഭാഗക്കാരുമുണ്ട്.

ഗൂഗിൾമീറ്റ് വഴിയുള്ള ക്ലാസുകൾ അച്ചൻകോവിലിലെ ഭൂരിഭാഗം കുട്ടികൾക്കും കിട്ടിയിരുന്നില്ല. ബൂസ്റ്റർ സ്ഥാപിച്ചെങ്കിലും പലയിടങ്ങളിലും ഇന്റർനെറ്റിന് വേഗം പോരാ. ഇതോടെ വാട്സാപ്പിൽ ശബ്ദസന്ദേശങ്ങളായാണ് ഇവിടെ ക്സാസെടുത്തിരുന്നത്. തത്സമയ ക്ലാസുകൾ കിട്ടാത്തവർ സിഗ്നൽ കിട്ടുമ്പോൾ ഡൗൺലോഡ് ചെയ്ത് ക്ലാസ്‌ കേൾക്കാറാണ് പതിവ്.