തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സർക്കാർ അക്കാദമിക മാർഗരേഖ പുറത്തിറക്കി. കുട്ടികളെ കഥകളും പാട്ടുകളും കേൾപ്പിക്കണമെന്നും ആഘോഷമായി വരവേൽക്കണമെന്നും ടൈംടേബിൾ അതത് സ്കൂളുകൾക്ക് തീരുമാനിക്കാമെന്നും മാർഗരേഖയിൽ പറയുന്നു.

അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ് ബാക്കിനും ഓൺലൈൻ ക്ലാസുകൾ ഉപയോഗിക്കണം. സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്കായി വീഡിയോ ക്ലാസുകളും ഓൺലൈൻ പഠനവും നൽകണം. സ്കൂൾ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിനുശേഷം പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കാമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കുട്ടികളിലെ പഠനവിടവുകൾ പരിഹരിക്കണം. വീഡിയോ ക്ലാസുകളുടെയും ഓൺലൈൻ പഠന പിന്തുണയുടെയും ഒപ്പം കുട്ടികളെ മനസ്സിലാക്കാനും നേരനുഭവം നൽകാനുമായി ആദ്യഘട്ടം ഉപയോഗപ്പെടുത്തണം.

ലഘുവ്യായാമങ്ങളും പരീക്ഷണങ്ങളും ചെയ്യാനും ഇഷ്ടമുള്ള പുസ്തകം വായിക്കാനും അനുവദിക്കണം. പ്രായോഗിക പാഠങ്ങളും ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ ചെയ്യാം. അധ്യാപകരുടെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ്‌ തയ്യാറാക്കണം.

നവംബറിലെ പ്രവർത്തനം വിലയിരുത്തിയായിരിക്കണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂർത്തിയാക്കേണ്ടത്. ഓരോ സ്കൂളും അവരവരുടെ സാഹചര്യവും സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാനാകും, കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം എന്നിവ കണക്കാക്കി വേണം ടൈംടേബിൾ തയ്യാറാക്കേണ്ടത്.

പോർട്ടൽ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തണം. കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും വിദ്യാർഥികളുടെ ഗൃഹസന്ദർശനം ഉപയോഗപ്പെടുത്തണം.

കുട്ടികളുടെ പഠന ഉത്പന്നങ്ങൾ ഉപയോഗപ്പെടുത്തി സ്കൂൾ അലങ്കരിച്ചുവേണം നവംബർ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിക്കേണ്ടതെന്നും പറയുന്നു.