കൊല്ലം : പത്താംക്ളാസ്‌ വിദ്യാർഥികൾക്ക്‌ അടുത്തമാസംമുതൽ ഒാൺലൈനായി ക്ളാസ്‌ ആരംഭിക്കും. കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ക്ളാസുകൾ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ വിദ്യാഭ്യാസവകുപ്പ്‌ ഒരുക്കുന്നത്. തിരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ളാസുകൾ തുടങ്ങുക.

ഓൺലൈൻ ക്ളാസുകൾ, സ്കൂൾ തുറക്കൽ എന്നിവ സംബന്ധിച്ച്‌ കോവിഡ്‌ വ്യാപനത്തോത്‌ വിലയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക. കഴിഞ്ഞ അധ്യയനവർഷം ഓൺലൈൻ ക്ളാസുകൾ ഫലപ്രദമായി നടത്താൻ കഴിഞ്ഞതിനാൽ ഇത്തവണ അധികം തയ്യാറെടുപ്പുകൾ വേണ്ടിവന്നിട്ടില്ല. ഫലം വരുന്നതിനുമുൻപുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കും.

വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തയ്യാറായിട്ടുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു അറിയിച്ചു. എട്ടാംക്ളാസ്‌വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നുണ്ട്‌. ഇൗമാസം പകുതിയോടെ വിതരണം പൂർത്തിയാക്കും. തുടർന്ന്‌ ഒൻപത്‌, പത്ത്‌ ക്ളാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും.