കൊച്ചി: തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ ചരക്കുകളുടെ പരിശോധനയ്ക്ക് സ്കാനറുകളില്ല. സ്വർണക്കടത്ത് കേസിനു മുമ്പുതന്നെ ഇതേക്കുറിച്ച് കസ്റ്റംസ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര പദവി നിലനിർത്താൻ സ്കാനറുകൾ വേണമെന്ന് മാനദണ്ഡമുണ്ട്. ഇതു സ്ഥാപിക്കാത്തത് ചട്ടവിരുദ്ധവുമാണ്. എയർകാർഗോ വിഭാഗത്തിൽ സ്കാനറുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. അല്ലാത്തപക്ഷം നിരാക്ഷേപപത്രം (എൻ.ഒ.സി.) നൽകിയത് പുനരാലോചിക്കേണ്ടിവരുമെന്ന് കസ്റ്റംസ് സംസ്ഥാനസർക്കാരിന് മുന്നറിയിപ്പ് നൽകിയേക്കും.

ഇവയില്ലാത്തത് രണ്ടു വിമാനത്താവളങ്ങളിലും കള്ളക്കടത്തുകാർക്ക് സഹായകമാവുന്നുണ്ട്. കള്ളക്കടത്തുകാരുടെ ശല്യം പാരമ്യത്തിലാണ്. കസ്റ്റംസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിക്കുന്നതുകൊണ്ട് മാത്രമാണ് സ്വർണക്കടത്ത് പിടിക്കാനാവുന്നത്.

കരിപ്പൂരിൽ 50 ലക്ഷം ചെലവിൽ സംസ്ഥാനസർക്കാർ സ്കാനർ സ്ഥാപിച്ചിരുന്നു. എന്നാൽ, ആഴ്ചകൾക്കകം കേടായി. അറ്റകുറ്റപ്പണി നടത്താനോ മാറ്റിസ്ഥാപിക്കാനോ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും നടന്നില്ല.

സ്കാനർ സ്ഥാപിക്കണമെന്ന കാര്യത്തിൽ കമ്മിഷണർ ഉറച്ചുനിൽക്കുന്നതായാണ് വിവരം. സുരക്ഷാ വിദഗ്ധരടങ്ങിയ ഒരു സംഘം അടുത്തിടെ കരിപ്പൂരിൽ നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ ചില കടകൾ മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരും മറ്റും കൊണ്ടുവെക്കുന്ന ബാഗുകളോ പൊതികളോ പിന്നീട് മറ്റാരെങ്കിലും വന്ന് എടുക്കുന്നതാണ് രീതി. ഈ സമയംവരെ ഇത്തരം കടകളിൽനിന്നാണ് പൊതികളും ബാഗുകളും നിരീക്ഷിക്കുന്നത് എന്നാണ് കണ്ടെത്തിയത്.

സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോവും

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മറ്റൊരു പ്രതിയായ സരിത്തുമൊന്നിച്ച് ശനിയാഴ്ച തെളിവുകൾ ശേഖരിക്കും.

അറ്റകുറ്റപ്പണി നടത്തേണ്ടത് കെ.എസ്.ഐ.ഇ.

കോഴിക്കോട് വിമാനത്താവളത്തിൽ കാർഗോ കസ്റ്റംസ് പരിശോധനയ്ക്കായുള്ള എക്സ്റേ യൂണിറ്റ് സ്ഥാപിക്കേണ്ടതും അറ്റകുറ്റപ്പണി നടത്തേണ്ടതും സംസ്ഥാന സർക്കാരിനുകീഴിലുള്ള കെ.എസ്.ഐ.ഇ.യുടെ ചുമതലയാണ്. നിലവിൽ അത് കേടായിക്കിടക്കുകയാണ്. സുരക്ഷയുമായി ബന്ധപ്പെട്ട ലഗേജ് പരിശോധനമാത്രമാണ് വിമാനത്താവള അതോറിറ്റിയുടെ കീഴിൽ വരുന്നത്.

- കെ. ശ്രീനിവാസറാവു, വിമാനത്താവള ഡയറക്ടർ, കരിപ്പൂർ.

Content Highlights; the scanner must for International Airports