ശാസ്താംകോട്ട (കൊല്ലം) : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. എം.ഗണേശിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിനെ പ്രതിയാക്കി ശാസ്താംകോട്ട പോലീസ് കേസെടുത്തു. കിണറ്റിൽവീണ വയോധികയുടെ മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. രാത്രി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടിയതോടെ മണിക്കൂറോളം സംഘർഷാവസ്ഥയായി. ഒടുവിൽ പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തിൽ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഡ്യൂട്ടി ബഹിഷ്കരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകി.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കിണറ്റിൽനിന്ന്‌ അഗ്നിരക്ഷാസേന പുറത്തെടുത്ത ശൂരനാട് വടക്ക് സ്വദേശിനിയായ വയോധികയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലെത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കണമെന്ന ആവശ്യവുമായി ശ്രീകുമാറുൾപ്പെടെയുള്ളവർ ഡോക്ടറുടെ കാബിനിലെത്തി. വയോധികയെ അത്യാഹിതവിഭാഗത്തിലെത്തിക്കണമെന്നും ഇ.സി.ജി. ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡോക്ടർ നിർദേശിച്ചതായി പറയുന്നു. അതിന് അവർ തയ്യാറായില്ലെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് ഡോക്ടറുമായി വാക്കേറ്റമായി. ഇതിനിടയിൽ തന്റെ കൈ പിടിച്ചുതിരിച്ച് മർദിക്കുകയും മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കുകയുമായിരുന്നെന്ന് ഡോ. ഗണേശ് പറഞ്ഞു. ഡോക്ടർ അസഭ്യം പറയുകയും തങ്ങളെ ബലമായി പുറത്തേക്കു പിടിച്ചുതള്ളി കതകടച്ചെന്നും ശ്രീകുമാർ ആരോപിച്ചു.

ഇതിനിടയിൽ വയോധികയുടെ മൃതദേഹം ജീവനക്കാർ ഇടപെട്ട് മോർച്ചറിയിലേക്കു മാറ്റി. ഡോ. ഗണേശും ശ്രീകുമാറും ചികിത്സയിലാണ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാറിന്റെപേരിൽ കേസെടുത്തത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ളനീക്കം പ്രതിഷേധത്തെ തുടർന്ന് പോലീസ് നിർത്തിവെച്ചു. പ്രതിയെ അറസ്റ്റുചെയ്യുംവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഒ.പി. ബഹിഷ്കരിച്ച് ഡോക്ടർമാർ സമരംചെയ്യുമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) കൊല്ലം ജില്ലാ കമ്മിറ്റി അറിയിച്ചു.

കുറ്റക്കാർക്കെതിരേ നടപടി-മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡോക്ടറെ മന്ത്രി നേരിട്ടുവിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.