ശാസ്താംകോട്ട : പോലീസ് ചമഞ്ഞ് യാത്രചെയ്ത യുവാവ് പരിശോധനയ്ക്കിടെ തീവണ്ടിയില്‍നിന്നു ചാടി. അബോധാവസ്ഥയിലായ ഇയാളെ ആദ്യം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യയോടെ ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി.

കോട്ടയം പാമ്പാടി ചെറിയാറ്റുപറമ്പില്‍ ജയകൃഷ്ണനാ(30)ണ് പരിക്കേറ്റത്. കൈകാലുകള്‍ ഒടിഞ്ഞുതൂങ്ങിയ നിലിയിലായിരുന്നു. തലയ്ക്കും മാരകമായി മുറിവേറ്റു. പോലീസ് യൂണിഫോം ധരിച്ചായിരുന്നു യാത്ര. ചെന്നൈ-തിരുവനന്തപുരം മെയിലില്‍ നിന്നാണ് ചാടിയത്. രാവിലെ പത്തോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുസമീപമായിരുന്നു സംഭവം.

കോട്ടയത്തുനിന്ന് കയറിയ ഇയാള്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്രചെയ്തത്. ഇതിനിടയിലാണ് റെയില്‍വേയുടെ പ്രത്യേകസംഘം പരിശോധനയ്‌ക്കെത്തിയത്. ജയകൃഷ്ണന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പരിശോധനാസംഘം തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത് തിരയുന്ന ഭാവത്തില്‍ നിന്ന ഇയാള്‍ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്.

നാട്ടില്‍ ഓട്ടോ ഡ്രൈവറായും ലോട്ടറി കച്ചവടക്കാരനായും ജോലി നോക്കിയിരുന്നതായി ശാസ്താംകോട്ട സി.ഐ. വി.എസ്.പ്രശാന്ത് പറഞ്ഞു. പോലീസ് വേഷത്തിലെ യാത്ര എന്തിനാണെന്ന് ബന്ധുക്കള്‍ക്കും അറിയില്ല. അബോധാവസ്ഥയിലായതിനാല്‍ കൂടുതല്‍ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല.