• സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മോഷണം
  • ലോക്കറിന്റെ പൂട്ട് കുത്തിത്തുറന്ന് പണം കവര്‍ന്നു
ശാസ്താംകോട്ട: ബിവറേജസ് കോര്‍പ്പറേഷന്റെ ശാസ്താംകോട്ടയിലെ വിദേശമദ്യ ചില്ലറവില്‍പ്പനശാലയില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13.95 ലക്ഷം രൂപ അപഹരിച്ചു. ലോക്കറിന്റെ പൂട്ട് കുത്തിത്തുറന്നാണ് പണം കവര്‍ന്നത്.

ലോക്കറിന് കേടുപാടുകള്‍ വരുത്തിയിട്ടില്ല. താത്കാലിക സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ടാണ് മോഷണം. ചൊവ്വാഴ്ച രാത്രി പത്തേമുക്കാലിനായിരുന്നു സംഭവം. വില്‍പ്പനശാല പൂട്ടി മിനിറ്റുകള്‍ക്കകം നടന്ന മോഷണം പോലീസിനെയും ഞെട്ടിച്ചു. മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘമാണ് മോഷണം നടത്തിയത്.

മദ്യവില്‍പ്പനശാലയുടെ പുറത്തെ ഷട്ടറിന്റെ പൂട്ട് മുറിച്ചായിരുന്നു മോഷ്ടാക്കള്‍ അകത്തുകടന്നത്. എന്നാല്‍ മദ്യശാല പൂട്ടുന്നതിനുമുമ്പുതന്നെ മോഷ്ടാക്കള്‍ കെട്ടിടത്തിന് മുകളില്‍ കടന്നതായാണ് സംശയിക്കുന്നത്. കെട്ടിടത്തിന് മുകളില്‍നിന്ന് പുറത്തേക്ക് പടികളുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറി മുകളിലാണ്. വില്‍പ്പനശാല പൂട്ടിയശേഷം മുകളിലെത്തിയപ്പോള്‍ അനക്കം കേട്ടതായി സെക്യൂരിറ്റി ജീവനക്കാരന്‍ ശെല്‍വന്‍ പോലീസിന് മൊഴി നല്‍കി.

കസേരയില്‍ ഇരിക്കുകയായിരുന്ന തന്നെ മുഖംമൂടി ധരിച്ചെത്തിയവര്‍ കൈകള്‍ കെട്ടിയശേഷം വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് ഭീഷണിമുഴക്കിയാണ് അകത്ത് കടന്നതെന്ന് ഇയാള്‍ പറയുന്നു. മോഷണശേഷം അവര്‍തന്നെ കെട്ടഴിച്ചുവിട്ടു. പുറത്തുകടന്ന് ബൈക്കിലാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് പുറത്തിറങ്ങി നടന്ന് ഇയാള്‍ സമീപത്തെ ഐ.സി.ഐ.സി. ബാങ്കിലെ സക്യൂരിറ്റി ജീവനക്കാരനെ വിവരം ധരിപ്പിച്ചു. അദ്ദേഹം ശെല്‍വനുമായി അയല്‍പക്കത്തെ വീട്ടിലെത്തി സംഭവം അറിയിച്ചു. ഇതിനിടെ അതുവഴി വന്ന ശൂരനാട് പോലീസിന്റെ വാഹനം കൈകാണിച്ച് നിര്‍ത്തി മോഷണവിവരം അറിയിച്ചതോടെ രാത്രിയില്‍ത്തന്നെ ശാസ്താംകോട്ട പോലീസ് നടപടികള്‍ സ്വീകരിച്ചു.

അകത്തെ മദ്യ ഗോഡൗണിന്റെ വടക്കേയറ്റത്ത് സ്ഥാപിച്ചിരുന്ന ലോക്കറിലാണ് പണം സൂക്ഷിച്ചിരുന്നത്. വളരെ തന്ത്രപരമായി ലോക്കര്‍ തകര്‍ക്കാതെ കുത്തിപ്പൊളിക്കുകയായിരുന്നു. മോഷണശേഷം ഗോഡൗണിന്റെ കിഴക്കുഭാഗത്തെ കതക് പൊളിച്ചാണ് പുറത്തുകടന്നത്. പോലീസ് നായയെ പ്രതിരോധിക്കുന്നതിന് ലോക്കറിനും വാതിലിനും ചുറ്റും മുളകുപൊടി വിതറിയിട്ടുണ്ട്.

ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാര്‍, സി.ഐ. എ.പ്രസാദ്, എസ്.ഐ. രാജീവ്, മോഷണവിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ. ബിനോജ് എന്നിവര്‍ രാത്രിയില്‍ത്തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. ബുധനാഴ്ച രാവിലെ വിരലടയാളവിദഗ്ധന്‍ ബിജുലാലിന്റെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു. ശാസ്ത്രീയ പരിശോധനാസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.