Sasikala
അറുപതുവര്‍ഷംമുന്‍പുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ശശികലയെന്ന പെണ്‍കുട്ടിയുടെ നവരസാഭിനയചിത്രം

പൂമൊട്ടുപോലെ ഒരു പെണ്‍കുട്ടി... മുഖത്ത് നവരസഭാവങ്ങളും... ക്യാമറയ്ക്കുമുന്നില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആ 'കൊച്ചുമിടുക്കി'. ആറുപതിറ്റാണ്ടു പഴക്കമുണ്ട് കറുപ്പും വെളുപ്പും കലര്‍ന്ന ഈ ചിത്രത്തിന്.

ഈ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും. സാമൂഹികമാധ്യമങ്ങളില്‍ ഒരുപാടുകാലമായി ഓടിക്കളിക്കുന്ന ചോദ്യമാണ്.

അറുപതുവര്‍ഷംമുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ശശികലയെന്ന പെണ്‍കുട്ടിയുടെ ഭാവാഭിനയ ചിത്രം പ്രസിദ്ധീകരിച്ചത്. ചാത്തന്നൂര്‍ കലാസമിതിയിലെ വിദ്യാര്‍ഥിനിയെന്നായിരുന്നു അടിക്കുറിപ്പ്.

പ്രാദേശികചരിത്രകാരനും ചിത്രകാരനുമായ പള്ളിക്കോണം രാജീവാണ് തന്റെ ശേഖരത്തിലുണ്ടായിരുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. 'നവരസാഭിനയം കാഴ്ചവയ്ക്കുന്ന ശശികലയെന്ന ഈ സുന്ദരിക്കുട്ടി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്ന് 70 വയസ്സുണ്ടായിരിക്കണം' എന്ന വരികളോടെയാണ് അദ്ദേഹം ഫോട്ടോ അപ്‌ലോഡ് ചെയ്തത്.

ചിത്രം ഏറെപ്പേരില്‍ കൗതുകമുണര്‍ത്തി. പ്രശസ്തരായ ചില നര്‍ത്തകിമാരുടെ പേരുകള്‍ പലരും ഉന്നയിച്ചു.

വാട്ട്സാപ്പില്‍ പലഗ്രൂപ്പുകളിലും ശശികലയുടെ ചിത്രങ്ങള്‍ പ്രചരിക്കപ്പെട്ടു. ഇപ്പോഴും അതു തുടരുന്നുണ്ടെങ്കിലും ശരിക്കുള്ള 'ശശികല' ഇപ്പോഴും അരങ്ങിനു പുറത്താണ്. ചാത്തന്നൂര്‍ കലാസമിതി എന്ന നൃത്തസ്ഥാപനം ഇപ്പോഴില്ല. ഓര്‍മകളുടെ അണിയറയിലേക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ പോയ്മറഞ്ഞു.

കലാരംഗത്ത് ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ചാത്തന്നൂരിന് കഥകളി, ഓട്ടന്‍തുള്ളല്‍, നൃത്തം എന്നിവയില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. കഥകളിയുടെ കളിത്തട്ടെന്നുവിശേഷിപ്പിക്കാവുന്ന ശ്രീഭൂതനാഥക്ഷേത്ര കഥകളിയോഗം ഇന്നും സജീവമാണ്. നാടിന്റെ കലാപാരമ്പര്യത്തിന്റെ സ്മരണികകൂടിയാണ് പതിറ്റാണ്ടുകള്‍ക്കപ്പുറം ശശികലയുടെ ചിത്രം.

മക്കള്‍ക്കും പേരമക്കള്‍ക്കും അഭിനയപാഠങ്ങള്‍ പകര്‍ന്നുനല്‍കി ഇന്നും എവിടെയോ ശശികലയുണ്ടാവാം... ചിത്രത്തിലെ കൊച്ചുപെണ്‍കുട്ടിയെക്കുറിച്ച് പുതുമാധ്യമങ്ങളില്‍ കൗതുകങ്ങളും അന്വേഷണവും തുടരുകയാണ്.