തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

പരാതിയുയർന്ന സാഹചര്യത്തിൽ ശശീന്ദ്രൻ മന്ത്രിയായി ബുധനാഴ്ച നിയമസഭയിലുണ്ടാകരുത്. പരാതിക്കാരിയെ രാഷ്ട്രീയസ്വാധീനവും ഔദ്യോഗികപദവിയും ഉപയോഗിച്ച് പരാതിയിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തതെന്നും സതീശൻ പറഞ്ഞു.

ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ കാമ്പയിൻ. സ്ത്രീപക്ഷത്തിനുവേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഇനി കഴിയുമോ. വിഷയം അറിയാതെ ഇടപെട്ടെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇത് യുക്തിരഹിതമായ വാദമാണ്.

മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശരേഖ നൽകിയതിന്റെ പേരിൽ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുത്തു. ഒരു സ്ത്രീക്കെതിരേയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പ്രതികാര നടപടി സ്വീകരിച്ചത്. സ്ത്രീകളോട് എന്തുംചെയ്യാമെന്ന വൃത്തികേടാണ് ഇവിടെ നടക്കുന്നത്. ഇതിനൊക്കെ നിയമസഭയിൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും സതീശൻ പറഞ്ഞു.