തോപ്പുംപടി: മത്തി (ചാള) വീണ്ടും കേരളത്തെ ചതിക്കുന്നു. മൺസൂൺ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും കേരളത്തിന്റെ തീരക്കടലിൽ മത്തി വരുന്നില്ല. മഴക്കാലത്ത് ധാരാളമായി കിട്ടുന്ന ചാളയാണ് കേരളത്തിന്റെ തീര മേഖലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ നിലനിർത്തുന്നത്.

ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ ഈ സമയത്ത് പരമ്പരാഗത തൊഴിലാളി സമൂഹം മാത്രമാണ് കടലിൽ ഇറങ്ങുന്നത്. പരമ്പരാഗത സമൂഹം ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത് മൺസൂൺ കാലത്താണ്. ബോട്ടുകൾക്ക് വിലക്കുള്ളതിനാൽ, കടലിൽ എത്തുന്ന മീൻ പിടിച്ചെടുക്കാം. മാത്രമല്ല, പൊതുവെ മീൻ കുറയുമെന്നതിനാൽ മാർക്കറ്റിൽ നല്ല വില ലഭിക്കുകയും ചെയ്യും. പക്ഷെ, ചാളയുടെ വരവ് നിലച്ചതോടെ ലക്ഷക്കണക്കിനു വരുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

മധ്യ ശാന്തസമുദ്രത്തിൽ ചൂട് കൂടിയതു മൂലം അറബിക്കടലിലുണ്ടായ പ്രത്യാഘാതമാണ് ചാളയുടെ വരവിനെ ബാധിച്ചതെന്ന് ശാസ്ത്രസമൂഹം വിലയിരുത്തുന്നുണ്ട്. അറബിക്കടലിൽ വൻതോതിൽ ചാളയുടെ മുട്ടകൾ കുറഞ്ഞതായി കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ. യുടെ ഗവേഷക വിഭാഗം അറബിക്കടലിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലും ഇക്കുറി ചാള വൻതോതിൽ കുറയുമെന്ന് ശാസ്ത്രജ്ഞന്മാർ പറഞ്ഞിരുന്നു.

2012-ൽ സംസ്ഥാനത്ത് നാലു ലക്ഷം ടൺ ചാളയാണ് ലഭിച്ചത്. 2016-ൽ 48,000 ടണ്ണായി അത് കുത്തനെ കുറഞ്ഞു. 2017-ൽ ഒന്നേകാൽ ലക്ഷം ടണ്ണായി. അതേസമയം കഴിഞ്ഞ വർഷം വെറും 77,000 ടൺ ചാള മാത്രമാണ് കേരളത്തിനു കിട്ടിയത്. കഴിഞ്ഞ വർഷം മഴ കൂടിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ഇക്കുറിയാണെങ്കിൽ കാര്യമായ മഴ ലഭിച്ചിട്ടുമില്ല.

സാധാരണക്കാരുടെ ഭക്ഷണമായ ചാളയുടെ വരവ് കുറയുന്നത് സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയെ കൂടി ബാധിക്കുന്ന പ്രശ്നമാണ്. കുറഞ്ഞ വിലയ്ക്ക് കേരളത്തിന്റെ പൊതുസമൂഹത്തിനു ലഭിക്കുന്ന പോഷകാഹാരമാണിത്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആരോഗ്യ സുരക്ഷ, തൊഴിൽ സുരക്ഷ എന്നിവയുമായും ചാളയ്ക്ക് ബന്ധമുണ്ട്. വലിയൊരു സമൂഹത്തിന്റെ പ്രധാന വരുമാനം നിലയ്ക്കുമെന്നതിനാൽ കേരളത്തിന്റെ സമ്പദ്ഘടനയെയും ചാളക്ഷാമം ബാധിക്കും. ചാള പോലുള്ള ഉപരിതല മീനുകളുടെ വംശനാശം തടയുന്നതിനാണ് മൺസൂൺ കാലത്ത് കടലിൽ ട്രോളിങ് നിരോധിക്കുന്നത്. ചാളയെ സംരക്ഷിക്കുന്നതിനുള്ള ഇത്തരം കരുതലുകൾ പക്ഷെ, ഫലം കാണുന്നില്ല. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് വാസ്തവത്തിൽ ഇപ്പോൾ തിരിച്ചടിയായതെന്ന് ശാസ്ത്രസമൂഹം ചൂണ്ടിക്കാട്ടുന്നു.

content highlights: sardine in kerala coast