കാഞ്ഞങ്ങാട്: ഹൈക്കോടതി ഉത്തരവിട്ടിട്ടും കല്യോട്ടെ ഇരട്ടക്കൊലക്കേസ് അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും അച്ഛനമ്മമാരും ബന്ധുക്കളും തിങ്കളാഴ്ച എറണാകുളത്തെ സി.ബി.ഐ. ഓഫീസിനുമുന്നിൽ ധർണ നടത്തും. രാവിലേമുതൽ ഉച്ചവരെയാണ് ധർണ. ശരത്‌ലാലിന്റെ അച്ഛൻ പി.കെ.സത്യനാരായണൻ, അമ്മ ലത, കൃപേഷിന്റെ അച്ഛൻ പി.കൃഷ്ണൻ, അമ്മ ബാലാമണി എന്നിവരും ബന്ധുക്കളായ സ്ത്രീകളും പങ്കെടുക്കും.

സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിട്ട് നാലരമാസം കഴിഞ്ഞു. ഒരുതവണമാത്രമാണ് സി.ബി.ഐ. ഉദ്യോഗസ്ഥർ കല്യോട്ടെത്തിയത്. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ക്രൈംബ്രാഞ്ച് സി.ബി.ഐ.ക്ക് കേസ് ഡയറി കൈമാറിയില്ല. സംസ്ഥാന പോലീസ് മേധാവിക്കും സർക്കാരിനും ഇതുസംബന്ധിച്ച് കത്തുനൽകിയെങ്കിലും ഫലമുണ്ടായില്ല. ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.

ക്രൈംബ്രാഞ്ചിൽനിന്ന്‌ കേസ് ഡയറി കിട്ടാത്തതിനാൽ സി.ബി.ഐ. ഉദ്യോഗസ്ഥൻ കാസർകോട് സെഷൻസ് കോടതിയിലെത്തി കുറ്റപത്രമുൾപ്പെടെയുള്ള രേഖകൾ എറണാകുളം സി.ജെ.എം. കോടതിയിലേക്ക് കൈമാറണമെന്നുപറഞ്ഞ് ഹർജി നൽകി. തുടർന്ന് അന്വേഷണത്തിന്റെ തുടക്കമെന്ന നിലയിൽ എറണാകുളം സി.ജെ.എം. കോടതിയിൽ പുതിയ എഫ്.ഐ.ആർ. സമർപ്പിക്കുകയും ചെയ്തു. അതിനിടെയാണ് സംസ്ഥാനസർക്കാർ സി.ബി.ഐ. അന്വേഷണത്തെ എതിർത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹർജി സ്വീകരിച്ച് ഇരുവിഭാഗത്തിന്റെയും വാദംകേട്ട ഡിവിഷൻ ബെഞ്ച് വിധിപറയാനിരിക്കുകയാണ്.

സർക്കാരിന്റെ അപ്പീൽ ഹർജി പരിഗണിച്ചെങ്കിലും സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തിട്ടില്ല. ഈസാഹചര്യത്തിൽ എന്തുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വരാൻ കാത്തിരിക്കുന്നതെന്നാണ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബക്കാർ സി.ബി.ഐ.യോട് ചോദിക്കുന്നത്. സി.ബി.ഐ. അന്വേഷണത്തിന്റെ പുരോഗതിയറിയാൻ കുടുംബക്കാർ എറണാകുളം സി.ജെ.എം. കോടതിയിൽ ഹർജിനൽകിയിരുന്നു. ഈഹർജി പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 24-ലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: sarathlal, kripesh murder case- Parents strike in front of cbi office