കാക്കനാട് (കൊച്ചി): മൂന്നാഴ്ച നീണ്ട ദുരൂഹതയ്ക്കൊടുവിൽ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ പിതാവ് സനു മോഹനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. അന്വേഷണ സംഘം ഇയാളുടെ തൊട്ടടുത്ത് എത്തിയതായാണ് വിവരം. ഇദ്ദേഹത്തിന് തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

സനു മോഹൻ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാൽ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തമിഴ്നാട്ടിൽ സനു മോഹന്റെ സുഹൃത്തുക്കളെയും ബിസിനസ്‌ പങ്കാളികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സനുവിനായി ഊർജിത തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇയാൾ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചതോടെ ഫ്ളാറ്റിൽ വൈഗയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വൈകാതെ ഉത്തരം ലഭിക്കും. മാർച്ച് 21-ന് രാത്രി ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറിൽ പുറപ്പെട്ടതാണ് സനു മോഹൻ. പിറ്റേന്ന് മകൾ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാർ പുഴയിൽ കണ്ടെത്തിയെങ്കിലും സനുവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

Vaiga's death: Sanu has another family in Tamil Nadu