മുംബൈ/രാജാക്കാട് (ഇടുക്കി): ശാന്തൻപാറ കൊലപാതകക്കേസിലെ പ്രതി വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ഓൾഡ് മുംബൈ പനവേലിൽ കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുള്ള മകൾ ജോവാന വിഷം ഉള്ളിൽച്ചെന്ന് മരിച്ചു.
ഓൾഡ് പനവേലിലെ സമീർ ലോഡ്ജിലാണ് ഇരുവരെയും കണ്ടെത്തിയത്. മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടത്. റിജോഷ്-ലിജി ദമ്പതിമാരുടെ കുഞ്ഞ് അപ്പോഴേക്കും മരിച്ചു.
വസീമിനെയും ലിജിയെയും പനവേലിലെ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒക്ടോബർ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ മഷ്റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ(31) കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി(29) യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും(32) കാണാതായിരുന്നു.
റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പിൽ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിനും വിവരം മറച്ചുവെച്ചതിനും വസീമിൻറെ സഹോദരൻ ഫഹദിനെ(25) പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.