പാലക്കാട്: സ്വാതന്ത്ര്യസമരചരിത്രത്തില്‍ പേരുവരാത്തവരെ കണ്ടെത്തി രേഖയാക്കാന്‍ തയ്യാറെടുത്ത് സംഘപരിവാര്‍ സംഘടനകള്‍. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടികതയ്യാറാക്കി ചരിത്രത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പി.യ്ക്കാണ് ചുമതല.

കേരളം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും വിവരശേഖരണം നടത്തി സംസ്ഥാന-ദേശീയ തലങ്ങളിലാണ് പുസ്തകം തയ്യാറാക്കുക. ഇതിനായി മുഴുവന്‍ ഗ്രാമങ്ങളിലും സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെക്കുറിച്ച് പ്രദേശവാസികളില്‍നിന്നും വിവിധ സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ തേടും.

പ്രദേശിക പ്രസിദ്ധീകരണങ്ങള്‍, പഴയ പുസ്തകങ്ങള്‍, മ്യൂസിയങ്ങളില്‍നിന്ന് കിട്ടാന്‍ സാധ്യതയുള്ള പഴയ നോട്ടീസുകള്‍, രേഖകള്‍ എന്നിവ വിവരശേഖരണത്തിന് ഉപാധികളാക്കും. എ.ബി.വി.പി.യുടെ നഗര, താലൂക്ക് സമിതികളുടെ നേതൃത്വത്തിലായിരിക്കും പ്രദേശികതല വിവരശേഖരണം നടത്തുക.

ഡിസംബറില്‍ നടക്കുന്ന എ.ബി.വി.പി.യുടെ ദേശീയ സമ്മേളനത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മാപ്പിള കലാപം ഉള്‍പ്പെടെയുള്ള ചരിത്രസമരത്തോടും സ്വാതന്ത്ര്യസമര പട്ടികയോടുമുള്ള സംഘപരിവാര്‍ സംഘടനകളുടെ അതൃപ്തിയാണ് നീക്കത്തിനുപിന്നിലെന്നാണ് സൂചന.

ആദ്യകാല ചരിത്രപുസ്തകങ്ങളില്‍ പലരുടെയും പേരുകള്‍ വിട്ടുപോയിട്ടുണ്ടെന്നും പലപ്പോഴും ചരിത്രത്തെ വളച്ചൊടിച്ചെന്നുമാണ് സംഘപരിവാര്‍ സംഘടനകള്‍ വാദിക്കുന്നത്.