നെയ്യാറ്റിൻകര: സനൽകുമാറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായ ഡിവൈ.എസ്.പി. ഹരികുമാർ 50 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തവയിൽ 20 ലക്ഷം രൂപ മുക്കിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. താലൂക്കിലെ ക്വാറി മാഫിയകളുടെ ഇഷ്ടതോഴനാണെന്നും ആരോപണമുണ്ട്.

രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചതിന് ശേഷം കഴിഞ്ഞ വർഷം 50 ലക്ഷത്തിന്റെ ഇത്തരത്തിലുള്ള നോട്ടുകൾ പിടികൂടിയിരുന്നു. ഇതിൽ 30 ലക്ഷം രൂപയുടെ നോട്ടുകൾ മാത്രമാണ് കണക്കിൽ പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. ബാക്കി 20 ലക്ഷം രൂപ എവിടെപ്പോയെന്ന് കണക്കില്ല.

2017 മേയ് മാസത്തിലാണ് നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തത്. ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും പിന്നീട് വെളിച്ചംകണ്ടില്ല.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ അവസാന കാലത്ത് ജില്ലയിലെ ഒരു സി.പി.എം. നേതാവിന്റെ ശുപാർശ പ്രകാരം കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറായി നിയമനം തേടി. അവിടെ നിന്നും പിന്നീട് കോൺഗ്രസിലെ യുവ എം.എൽ.എ.യുടെ സഹായത്തോടെ ആലുവ സി. ഐ.യായി നിയമനം നേടി. യു.ഡി.എഫ്. ഭരണകാലത്ത് നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യായിവന്ന ഹരികുമാർ പിന്നീട് സി.പി.എം. ജില്ലാ നേതൃത്വത്തിന് പ്രിയങ്കരനായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ ഹരികുമാറിനെതിരേ പിന്നീടുവന്ന പരാതികളൊന്നും വകുപ്പുതലത്തിലുള്ള അന്വേഷണത്തിൽ കലാശിച്ചില്ല.

നെയ്യാറ്റിൻകര പാറക്വാറികളുമായി ബന്ധപ്പെടുത്തിയാണ് കൂടുതൽ ആരോപണങ്ങളും പരാതികളുമുണ്ടായത്. ഡിവൈ.എസ്.പി.യുടെ ഓഫീസിൽ എ.സി. സ്ഥാപിച്ചത് ഇത്തരത്തിലുള്ള ബന്ധത്തിന്റെ ഫലമായിട്ടാണെന്നാണ് മറ്റൊരു ആരോപണം. ഒരു ജെ.സി.ബി. ഉടമയാണ് എ.സി. സ്ഥാപിക്കാൻ പണംമുടക്കിയതെന്നാണ് ഉയർന്ന ആരോപണം.

ഹരികുമാർ പാറശ്ശാല എസ്.ഐ.യായിരിക്കുമ്പോഴും ഫോർട്ട് സി.ഐ. യായിരിക്കുമ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ഫോർട്ട് സി.ഐ.യായിരിക്കെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറച്ചുകാലം സസ്‌പെൻഷനിലുമായിരുന്നു. അമ്പൂരിയിൽ ഡി.വൈ.എഫ്.ഐ., കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ പ്രതികളെ വെറുതെ വിട്ടത് ഹരികുമാറിന്റെ ഇടപെടൽ മൂലമെന്നും ആരോപണമുണ്ട്. ഹൈദരാബാദിൽ നടന്ന സി.പി.എം. പാർട്ടി കോൺഗ്രസിൽ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ല ഭാരവാഹികളെയും കൂട്ടി ഹരികുമാർ പോയത് വിവാദമായിരുന്നു. പാറ ക്വാറി ഉടമകളാണ് ഇതിന് പണം മുടക്കിയതെന്നായിരുന്നു പ്രധാന ആരോപണം.