കൊച്ചി: ഐ.എഫ്.എഫ്.കെ. കൊച്ചി എഡിഷൻ ഉദ്ഘാടനച്ചടങ്ങിലേക്ക് ദേശീയ അവാർഡ് ജേതാവായ നടൻ സലീംകുമാറിന് ക്ഷണം ലഭിക്കാത്തതിനെച്ചൊല്ലി വിവാദം. ബുധനാഴ്ച ആരംഭിക്കുന്ന ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലീംകുമാർ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലീംകുമാർ പറഞ്ഞു.

പ്രായത്തിന്റെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ സംവിധായകരായ ആഷിഖ് അബുവും അമൽ നീരദും തന്റെ ജൂനിയർമാരായി കോളേജിൽ പഠിച്ചവരാണ്. ഇവർക്ക് താനുമായി രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമേയുള്ളൂ. ഇത് വിഷയം രാഷ്ട്രീയമാണെന്നും സലീംകുമാർ പറഞ്ഞു.

കോൺഗ്രസ് ഭരിക്കുമ്പോഴും സി.പി.എം. ഭരിക്കുമ്പോഴും തനിക്ക് അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് സലീംകുമാർ ഓർമിപ്പിച്ചു. കലാകാരന്മാരോട് എന്തും ചെയ്യാമെന്ന് നേരത്തേ തെളിയിച്ചതാണെന്നും അതിന്റെ ഉദാഹരണമാണ് പുരസ്കാരം മേശപ്പുറത്തുവെച്ചു നൽകിയതെന്നും സലീംകുമാർ വിമർശിച്ചു.

എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ സലീംകുമാറിനെ വിളിക്കണമെന്ന് തിരുവനന്തപുരത്തുവെച്ച് ടിനി ടോം സംഘാടകരെ അറിയിച്ചതാണ്. അതിനാൽ പേര് വിട്ടുപോയതാണെന്ന് പറയാൻ പറ്റില്ല. വിവാദമായപ്പോളാണ് തന്നെ വിളിച്ചത്. അതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നും സലീംകുമാർ പറഞ്ഞു.

സലീംകുമാറിന്റെ വാദങ്ങളെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ തള്ളി. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടനച്ചടങ്ങിൽ വിളിക്കാൻ സംഘാടകസമിതി ഭാരവാഹികൾ വൈകിയതാകുമെന്നും അദ്ദേഹം പ്രതികരിച്ചു. പുതുതലമുറയിൽപ്പെട്ടവരെവെച്ച് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചത്. സലീമിനെ വിളിച്ചതായാണ് സംഘാടകസമിതി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സലീംകുമാറിനെ രാഷ്ട്രീയമായല്ല കാണുന്നത്. സംഭവത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്നും കമൽ പറഞ്ഞു. അദ്ദേഹത്തിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതിൽ യാതൊരു മടിയുമില്ലെന്നും കമൽ പറഞ്ഞു.