ആലപ്പുഴ: ഭരണത്തിൽ പുതിയതലമുറ വരണമെന്നു മുൻപേ പറഞ്ഞയാളാണ് ഇപ്പോൾ മന്ത്രിയാകുന്ന സജി ചെറിയാൻ. ഒരുവർഷംമുൻപ്‌ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് പിൻവലിക്കേണ്ടിവന്നെങ്കിലും തലമുറമാറ്റത്തിലൂടെയാണ് അദ്ദേഹവും മന്ത്രിയാകുന്നത്.

‌ 2020 ജൂലായ് 28-നാണ് ഫെയ്‌സ് ബുക്കിൽ സജി ചെറിയാന്റെ ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അന്നത് വലിയവാർത്തയായി. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു:- ‘രാഷ്ട്രീയ പ്രവർത്തകർക്കും ജന പ്രതിനിധികൾക്കും നിശ്ചിതപ്രായം ഉറപ്പാക്കണം. എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്രകാലംവരെയും തുടരാം. അങ്ങനെയെങ്കിൽ നാമൊക്കെത്തന്നെ മാതൃകയാകണം. ഒരു പൊതുതീരുമാനം വരുത്താൻ എന്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നു പ്രതീക്ഷിക്കാം. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം.’- ഇതായിരുന്നു പോസ്റ്റ്.

പതിവായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചില നേതാക്കളെ ലക്ഷ്യമിട്ടുള്ള പോസ്റ്റാണെന്ന പ്രചാരണമുണ്ടായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. തന്റെ പോസ്റ്റ് തെറ്റായവ്യാഖ്യാനങ്ങളിലേക്കു പോയതുകൊണ്ടാണു പിൻവലിച്ചതെന്നു സജി വ്യക്തമാക്കുകയുംചെയ്തു.