മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ രാജിയിൽ ആശ്വാസവും ഒപ്പം രോഷവും കൊള്ളുന്ന ഒരാളുണ്ട് -ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ നൽകി തഴയപ്പെട്ട സഹീർ കാലടിയെന്ന ചെറുപ്പക്കാരൻ. ഇദ്ദേഹത്തിന്റെ രണ്ടുവർഷത്തിലധികം നീണ്ട നിയമപോരാട്ടത്തിന്റെ വിജയംകൂടിയാണ് മന്ത്രിയുടെ രാജി.

2016-ൽ കുറ്റിപ്പുറം മാൽക്കോ ടെക്സ് അക്കൗണ്ട്‌സ് മാനേജരായിരിക്കെയാണ് ന്യൂനപക്ഷ കോർപ്പറേഷൻ ജി.എം. തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് സഹീർ അപേക്ഷിച്ചത്. എം.ബി.എ., എം.കോം, പി.ജി.ഡി.സി.എ. യോഗ്യതയും ഉന്നത തസ്തികയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയവും ഉണ്ടായിട്ടും നിയമനം ലഭിച്ചില്ല.

ബന്ധുവായ കെ.ടി. അദീബിനെ നിയമിക്കാൻ തസ്തികയുടെ യോഗ്യത തിരുത്തി കെ.ടി. ജലീൽ തന്റെ നിയമനം അട്ടിമറിച്ചെന്നായിരുന്നു സഹീറിന്റെ ആരോപണം. പരാതിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസുമെത്തിയതോടെ സംഭവം രാഷ്ട്രീയവിവാദമായി.

ഇതോടെ അദീബിന് രാജിവെക്കേണ്ടിവന്നു. ഇതോടെ സഹീർ നോട്ടപ്പുള്ളിയുമായി. സ്ഥാപനത്തിലെ അഴിമതികൾക്കെതിരേ ശബ്ദമുയർത്തിയ തനിക്കെതിരേ എം.ഡി. പ്രതികാരബുദ്ധിയോടെ പെരുമാറിയതായും ഇതിനുപിന്നിൽ ജലീലിന് തന്നോടുള്ള വിരോധമാണെന്നുമുള്ള ആരോപണമുയർത്തിയായിരുന്നു 20 വർഷത്തെ സർവീസ് ബാക്കിനിൽക്കെ സഹീർ രാജിവെച്ചത്.

തൊഴിൽപീഡനം സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് സഹീറിന് പി.എഫ്., ഗ്രാറ്റ്വുവിറ്റി, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഭാഗികമായെങ്കിലും ലഭിച്ചത്. ലോകായുക്തയിലെ പരാതിക്കാരൻ വി.കെ.എം. ഷാഫിക്ക് ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം നൽകിയത് സഹീറായിരുന്നു.

മന്ത്രി രാജിവെച്ചതോടെ സത്യം വിജയിച്ചതായി സഹീർ പറഞ്ഞു. തൊഴിൽപീഡനത്തിനു കൂട്ടുനിന്ന സ്ഥാപനത്തിന്റെ എം.ഡി.ക്കുകൂടി ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സെക്രട്ടറിയാണ് സഹീർ.