ചെറുകോൽപ്പുഴ: ശബരിമലയിൽ നടപ്പാക്കിയതല്ല യഥാർഥ നവോത്ഥാനമെന്ന് മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ 109-ാമത് സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാഥാർഥ നവോത്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നവരായിരുന്നു ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും. ശബരിമല വീണ്ടും ചർച്ചാവിഷയമായതിന്റെ കാരണം അറിയില്ല.

ശബരിമല പ്രശ്നകാലത്ത് അഭിപ്രായം പറഞ്ഞതിന്റെപേരിൽ തന്റെ സന്നത് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി തനിക്കെതിരേ ബാർ കൗൺസിലിൽ പരാതി നൽകി. കോടതിവിധികൾ വിമർശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സമാധാനപരമായി സമരം ചെയ്യാനുള്ള സുവർണാവസരമാണ് നമുക്ക് ലഭിച്ചത് എന്ന് പറഞ്ഞതിന്റെപേരിൽ തനിക്കെതിരേ കേസെടുത്തു. ഏത് പാർട്ടിയായാലും ജനങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകരാണ് രാഷ്ട്രീയക്കാർ എന്ന കാര്യം വിസ്മരിക്കരുത്.

സത്യത്തെ മനസ്സിലാക്കി ധർമത്തെ ഉൾക്കൊള്ളുകയാണ് വേണ്ടത്. ഭൗതികതയും ആത്മീയതയും ഒത്തുചേർന്ന ഒരു പ്രയാണത്തിന് നമുക്ക് സാധിക്കണമെന്നും ഗവർണർ പറഞ്ഞു. ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അധ്യക്ഷത വഹിച്ചു. വർക്കല ശിവഗിരിമഠം സെക്രട്ടറി സാന്ദ്രാനന്ദസ്വാമി സമാപനസന്ദേശം നൽകി. മഹാമണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. ഡി.രാജഗോപാൽ, അനൂപ് കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.