കൊച്ചി: ശബരിമലയിൽ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിനെക്കുറിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. ജനുവരി രണ്ടിന് പുലർച്ചെ ഇരുവരും ദർശനം നടത്തിയെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജിന്റെ റിപ്പോർട്ട് പരിഗണിച്ചാണിത്.

റിപ്പോർട്ടിൽ പറയുന്ന മറ്റുകാര്യങ്ങളിലുൾപ്പെടെ വിശദീകരണം ബുധനാഴ്ചയ്ക്കകം നൽകണമെന്നാണ് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റിസ് എൻ. അനിൽകുമാറുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്.

റിപ്പോർട്ട് ഇങ്ങനെ

ജനുവരി രണ്ടിന് ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനംനടത്തി. പതിനെട്ടാംപടി കയറിയല്ല, സ്റ്റാഫ് ഗേറ്റിലൂടെയാണ് അവർ മേലേതിരുമുറ്റത്തെത്തിയത്. ജനുവരി മൂന്നിന് ആന്ധ്രാപ്രദേശിൽനിന്നെത്തിയ ബസിനുനേരെ കല്ലേറുണ്ടായി. തമിഴ്നാട്ടിൽനിന്നെത്തിയ ഭക്തനാണ് ബസിൽ യുവതികളുണ്ടെന്ന സംശയംമൂലം കല്ലെറിഞ്ഞത്. ഇതിൽ നിലയ്ക്കൽ പോലീസ് കേസെടുത്തു. ജനുവരി നാലിനുരാവിലെ 9.30-ന് ട്രാൻസ്ജെൻഡർ വ്യക്തി ദർശനത്തിനെത്തിയെങ്കിലും പ്രതിഷേധംമൂലം മടങ്ങേണ്ടിവന്നു. നേരത്തേ ട്രാൻസ്ജെൻഡർ വ്യക്തികൾ പ്രശ്നമില്ലാതെ ദർശനം നടത്തിയിരുന്നതാണ്.

യുവതീപ്രവേശത്തെ എതിർക്കുന്നവർ സന്നിധാനത്തും പമ്പയിലുംമറ്റും കൂടുതൽ സജീവമായിട്ടുണ്ടെന്നാണ് പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ദിവസം ഒരുലക്ഷത്തോളം ഭക്തരെത്തുന്നുണ്ട്. മകരവിളക്കാകുമ്പോഴേക്ക് ഭക്തരുടെ എണ്ണം ഇനിയും കൂടും. അതിനിടെ യുവതികൾക്ക് പോലീസ് സംരക്ഷണം നൽകുമ്പോൾ പ്രതിഷേധം ശക്തമാകാനും പ്രശ്നസാധ്യത വർധിക്കാനുമിടയുണ്ട്. അക്കാര്യം നിരീക്ഷകസമിതിയുടെ രണ്ടാമത്തെ റിപ്പോർട്ടിലും പറയുന്നുണ്ട്.

content highlights: sabarimala women entry kanakadurga and bindu