തിരുവനന്തപുരം/പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ ദേവസ്വം ബോർഡിനെ മുൻനിർത്തി സമവായത്തിന് സർക്കാർ ശ്രമം. ഇതിന്റെ ഭാഗമായി ദേവസ്വംബോർഡ് വിളിച്ചുചേർത്ത പ്രതിനിധികളുടെ ചർച്ച ചൊവ്വാഴ്ച നടക്കും. തന്ത്രിമാർ, പന്തളം കൊട്ടാരം പ്രതിനിധികൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നാണ് സർക്കാർ നിലപാട്. സ്വതന്ത്ര നിലപാടെടുക്കാൻ സർക്കാരിന്റെ അനുമതി കിട്ടിയെന്ന് വ്യക്തമാകുന്നതാണ് ബോർഡിന്റെ നീക്കങ്ങൾ.

ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും പ്രത്യേക നിർദേശം വയ്ക്കുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അറിയിച്ചു. ക്ഷണിച്ച എല്ലാവരും ചർച്ചയ്ക്കെത്തുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എത്തുമെന്ന യുവതികളുടെ പ്രഖ്യാപനം പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവർ വരാൻ സാധ്യതയില്ലെന്നും ബോർഡ് പ്രസിഡന്റ് പറയുന്നു.

ക്ഷേത്രവിശ്വാസികളുടെ ആവശ്യങ്ങളോട് ബോർഡ് അനുകൂല നിലപാടിലെത്തിയെന്നാണ് ഇതിന്റെ സൂചന. സർക്കാരും സി.പി.എമ്മും പച്ചക്കൊടി കാട്ടാതെ ബോർഡിന് മാത്രമായി ഇങ്ങനെയൊരു നിലപാടിൽ എത്താനാവില്ലെന്നതും ശ്രദ്ധേയമാണ്.

കൊട്ടാരം പ്രതിനിധികളെത്തും

പന്തളം കൊട്ടാരം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവർ പറഞ്ഞു. രേഖാമൂലമുള്ള ക്ഷണം ലഭിച്ചശേഷമാണ് തീരുമാനമെടുത്തത്. ചർച്ചയ്ക്ക് വിളിച്ചിട്ടു പങ്കെടുത്തില്ലെന്ന ആക്ഷേപം ഒഴിവാക്കാൻ കൂടിയാണിത്. തന്ത്രികുടുംബം ഉൾപ്പെടെ കൊട്ടാരത്തോടൊപ്പം നിൽക്കുന്നവരുമായി ഇക്കാര്യം ആലോചിച്ചിരുന്നു. ഇതിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ചർച്ചയിൽ വയ്ക്കും.

ആവശ്യങ്ങൾ മൂന്ന്

വിധി നടപ്പാക്കാൻ സാവകാശം, പുനഃപരിശോധനാ ഹർജി, ഓർഡിനൻസ് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുതന്നെയാകും ചർച്ചയിലും ഉയരുക. ഇതിൽ പ്രായോഗികമായത് നടപ്പാക്കാൻ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. ചൊവാഴ്ച ചർച്ചകഴിഞ്ഞ് സമരത്തിന്റെ രീതി മാറ്റുന്ന കാര്യം പരിഗണിച്ചാൽ മതിയെന്ന് ബി.ജെ.പി.യും തീരുമാനിച്ചിട്ടുണ്ട്.

Read InDepth:ശബരിമലവിധി; നിയമനിര്‍മാണത്തില്‍ തെറ്റില്ല

നാളെ നട തുറക്കും

തുലാമാസ പൂജയ്ക്ക് ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് നടതുറപ്പ്. ഇത്തവണ വിലക്കുള്ള സ്ത്രീകൾ എത്താനിടയില്ലെന്നും അതുകൊണ്ടുതന്നെ കോടതിവിധി നടപ്പാക്കാൻ സാവകാശം തേടുകയെന്നതുമാണ് സർക്കാർ പരിഗണിക്കുന്നത്. ചർച്ചയിൽ ഇതിന് മുൻതൂക്കം കിട്ടിയേക്കും. പഴയ നിലപാടിൽ അയവുവന്നതോടെ പുനഃപരിശോധനാ ഹർജിയും പരിഗണിച്ചുകൂടായ്കയില്ല. ഇതൊക്കെ ബോർഡ് ഏറ്റെടുക്കുന്നതോടെ വിധി നടപ്പാക്കുകയെന്ന ധാർമിക ബാധ്യതയിൽ സർക്കാരിനു തുടരാനുമാകും.

ഇടതുമുന്നണിയുടെ വിശദീകരണയോഗം ഇന്ന്

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ ആദ്യ വിശദീകരണ യോഗം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഈ സമയം സമവായ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

നിലയ്ക്കൽ കേന്ദ്രീകരിച്ച് പ്രതിഷേധക്കാർ

നിലയ്ക്കൽ കടന്നേ പമ്പവഴി ശബരിമലയ്ക്കു പോകാനാകൂ എന്നതിനാൽ വിശ്വാസികളുടെ പ്രതിഷേധവും പ്രതിരോധവും ഇവിടേക്ക് കേന്ദ്രീകരിക്കുന്നു. മാസപൂജയ്ക്ക് നടതുറക്കുന്ന പശ്ചാത്തലത്തിലാണിത്. കരിമല വഴിയുള്ള കാട്ടുപാതയും പുല്ലുമേട് വഴിയും മാസപൂജയ്ക്ക് തുറക്കാറില്ല. കോടതിവിധിയിൽ പ്രതിഷേധിച്ച് വിശ്വാസികൾ നിലയ്ക്കലിൽ നടത്തുന്ന ശരണമന്ത്ര കൂട്ടായ്മ ബുധനാഴ്ച ശക്തമാകും.

പർണശാല കെട്ടി ഒരേസമയം നൂറുപേരാണ് ശരണമന്ത്രം ജപിച്ചിരിക്കുന്നത്. ഇതോടൊപ്പം ശബരിമല പാതയിൽ തിങ്കളാഴ്ച മുതൽ വനിതകൾ വാഹന പരിശോധനയും നടത്തുന്നുണ്ട്. യുവതികൾ പോകുന്നുണ്ടെങ്കിൽ അവരോട് ശബരിമലയ്ക്ക് പോകരുതെന്ന് അഭ്യർഥിക്കുകയും നിലയ്ക്കൽ പർണശാലയിൽ സുരക്ഷിതമായി വിശ്രമിക്കാൻ പറയുകയുമാണ് ചെയ്യുന്നത്.

സ്ത്രീകൾ മാത്രമാണ് ഇൗ വിശ്വാസപ്രതിരോധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. നട അടയ്ക്കുന്നതുവരെ ഇതു തുടരാനാണ് തീരുമാനം. സുരക്ഷാ നടപടികളുടെ ഭാഗമായി നിലയ്ക്കലിൽ അധികസേനയെ വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ചൊവ്വാഴ്ച പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ആചാരസംരക്ഷണ സമിതി നിലയ്ക്കലിലേക്ക് ഇരുചക്രവാഹന ഘോഷയാത്ര നടത്തുന്നുണ്ട്.