കോട്ടയം: ശബരിമല ദർശനത്തിന്‌ സംരക്ഷണം ആവശ്യപ്പെട്ട് ആദിവാസി വനിതാപ്രസ്ഥാനം സംസ്ഥാനപ്രസിഡന്റ്‌ അമ്മിണി കെ. വയനാട്‌ കോട്ടയം ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറെ കണ്ടു. സംരക്ഷണം നൽകാമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയതായി അമ്മിണി പറഞ്ഞു. അനുമതിക്കായി മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ഐ.ജി. മനോജ്‌ എബ്രഹാം എന്നിവർക്ക്‌ ഇ-മെയിൽ സന്ദേശമയക്കുമെന്നും അവർ പറഞ്ഞു.

തിങ്കളാഴ്ച പതിനൊന്നരയോടെയാണ് അമ്മിണി എസ്‌.പി.യെ കണ്ടത്. സന്നിധാനംവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമ്മിണി പറഞ്ഞു. മണ്ഡലകാലത്ത് പോകാനായിരുന്നു തീരുമാനം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത്‌ ആലോചിച്ച്‌ തീയതി തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന നാടകം ആവർത്തിക്കില്ലെന്നാണ്‌ പ്രതീക്ഷ.

ഇപ്പോൾ പമ്പ വരെയാണ്‌ പോലീസ്‌ ഒപ്പംവരുന്നത്‌. അവിടുന്ന്‌ സന്നിധാനത്തേക്ക് പോകാനാണ്‌ ബുദ്ധിമുട്ടുണ്ടാകുന്നത്‌. സംസ്ഥാന പോലീസ്‌ മേധാവിയുമായും സംസാരിക്കും. സ്ത്രീകൾക്ക്‌ സുക്ഷയൊരുക്കുന്നതിൽ സർക്കാരിനും പോലീസിനും വീഴ്ചയുണ്ടായി. സംഘപരിവാർപോലുള്ള ശക്തികൾ മതതീവ്രവാദമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയിട്ടും അവരെ അറസ്റ്റുചെയ്ത്‌ മാറ്റുന്നില്ലെന്നും അമ്മിണി പറഞ്ഞു.

ആദിവാസിസ്ത്രീയെന്ന നിലയിലാണ്‌ പോലീസിനോട്‌ സുരക്ഷയാവശ്യപ്പെട്ടതും തരാമെന്ന്‌ ഉറപ്പുനൽകിയതും. അതുപോലെ മറ്റുസ്ത്രീകൾക്കും സൗകര്യമൊരുക്കണം. സംഘപരിവാർശക്തികൾ സന്നിധാനത്ത് ഉൾപ്പെടെ മുദ്രാവാക്യം മുഴക്കുന്നു. അതിനെ ആരും കുറ്റപ്പെടുത്തുന്നില്ല. വയനാട്ടിൽനിന്ന്‌ വരുന്നതിനാൽ മാേവായിസ്റ്റായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നു. കൂടുതൽ സ്ത്രീകൾ മുന്നോട്ടുവന്നാൽ അവർക്ക്‌ സുരക്ഷയൊരുക്കണം. അല്ലെങ്കിൽ പോലീസിനെ വിശ്വസിക്കാനാകാത്ത സ്ഥിതിയുണ്ടാകും. രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയുണ്ടെന്നത്‌ വ്യാജപ്രചാരണമാണ്‌. ആരുടെയും ചട്ടുകമായി പ്രവർത്തിക്കാനില്ലെന്നും അമ്മിണി പറഞ്ഞു.