നിലയ്ക്കൽ: ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള യുവതികളെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് സംഘടിപ്പിച്ചു തുടങ്ങിയതായി തമിഴ്നാട് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു. ‘ഹിന്ദു മക്കൾ കക്ഷി’ എന്ന സംഘടനയാണ് ഇതിനുപിന്നിലെന്നാണ് വിവരം. തമിഴ്നാട്ടിൽനിന്ന് 40 യുവതികളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കേരള പോലീസിലെ ദക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ രഹസ്യ റിപ്പോർട്ട് ഉണ്ടായിരുന്നു.

ഏതുദിവസം പുറപ്പെടണമെന്നു തീരുമാനിച്ചിട്ടില്ല. യുവതികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് ലഭിക്കുന്ന വിവരം.

കോയമ്പത്തൂർ ആസ്ഥാനമായാണ് തീവ്രസ്വഭാവമുള്ള ഹിന്ദുമക്കൾ കക്ഷിയുടെ പ്രവർത്തനം. സേലം, മധുര, വിഴുപുരം ഭാഗങ്ങളിലും ഇവരുടെ സാന്നി‌ധ്യമുണ്ട്. തമിഴ്നാട്ടിലെ വിവിധഭാഗങ്ങളിൽ മുസ്‍ലിം നേതാക്കളെ കൊലപ്പെടുത്തിയതിന് ഇവർക്കെതിരേ പല കേസുകളുമുണ്ട്.

ശബരിമലയിൽ പ്രായപരിഗണനയില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന വിധിയുടെ പശ്ചാത്തലത്തിലാണ് ഹിന്ദു മക്കൾ കക്ഷി തമിഴ്നാട്ടിൽനിന്ന് യുവതികളുമായി എത്തുന്നത്. ശബരിമലയിൽ രഹ്ന ഫാത്തിമ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾക്ക് പ്രവേശനം ഒരുക്കിയത് പിണറായി സർക്കാരാണെന്നാണ് ഹിന്ദു മക്കൾ കക്ഷിയുടെ വാദം. സംഘടനയുടെ വനിതാ നേതാവായ സോമു രാജശേഖറാണ് ശബരിമലയിലേക്ക് പുറപ്പെടുന്ന യുവതികളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകുന്നത്. അന്യമതക്കാരെയും യുവതികളെയും ശബരിമലയിൽ പ്രവേശിപ്പിച്ച കേരള സർക്കാരിന്റെ നടപടിയിലുള്ള പ്രതിഷേധമായി എരുമേലിയിലെ വാവര് പള്ളിയിൽ പ്രവേശിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ശബരിമല തീർഥാടനത്തിന് എത്തുന്ന മാളികപ്പുറങ്ങൾ സാധാരണമായി എരുമേലിയിലെ പ്രദക്ഷിണവഴിയിലൂടെ മാത്രമേ പ്രവേശിക്കാറുള്ളൂ. പള്ളിയുടെ ഉള്ളിൽ യുവതികളെ പ്രാർഥനയ്ക്ക് കയറ്റാനുള്ള ഹിന്ദു മക്കൾ കക്ഷിയുടെ നീക്കം സമാധാനം തകർക്കുമെന്നാണ് ആശങ്ക.

content highlights: sabarimala women entry, tamilnadu women