: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയ്ക്കുപോകാൻ ശ്രമിച്ച ബി.ജെ.പി.സംഘം നിലയ്ക്കലിൽ അറസ്റ്റിലായി. ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും വക്താവുമായ ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവർ പിന്നീട് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിലിറങ്ങി.

ബി.ജെ.പി. സംസ്ഥാന സമിതി അംഗങ്ങളായ പ്രസാദ് എൻ. ഭാസ്കരൻ, ഹരീഷ് ചന്ദ്രൻ, എറണാകുളം ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, ന്യൂനപക്ഷമോർച്ച പത്തനംതിട്ട ജില്ലാസെക്രട്ടറി ജോർജുകുട്ടി വാഴപ്പിള്ളേത്ത്, പ്രവർത്തകരായ കെ. രഞ്ജിത് കുമാർ, ജോസ് വട്ടത്തറ, പ്രസാദ് കുമാർ, പ്രഫുൽ ദാസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.

രണ്ടുവാഹനങ്ങളിലായി ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ഇവർ നിലയ്ക്കലിലെത്തിയത്. ഗോപുരം പടിക്കുമുന്നിൽ പോലീസ് തടഞ്ഞു. നിരോധനാജ്ഞയുടെ സാഹചര്യത്തിൽ പ്രത്യേക നിർദേശങ്ങൾ അനുസരിക്കണമെന്ന് പോലീസ് അറിയിച്ചു. ആറുമണിക്കൂറിനകം ദർശനം നടത്തി തിരികെ ഇറങ്ങണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ നോട്ടീസ് ഇവർ കൈപ്പറ്റിയില്ല. ആറു മണിക്കൂർകൊണ്ട് തിരികെയിറങ്ങണമെങ്കിൽ അഭിഷേകവും മറ്റും എങ്ങനെ നടത്തുമെന്നായിരുന്നു ചോദ്യം.

നോട്ടീസിന്റെ ഉള്ളടക്കത്തെപ്പറ്റി വാദപ്രതിവാദത്തിനില്ലെന്നും കൈപ്പറ്റുന്നില്ലെങ്കിൽ അറസ്റ്റുചെയ്യേണ്ടിവരുമെന്നും നിലയ്ക്കലിലെ പോലീസ് സ്പെഷ്യൽ ഓഫീസർ വി. അജിത് അറിയിച്ചു. ഇതോടെ, നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ച് സംഘാംഗങ്ങൾ നടുറോഡിൽ കുത്തിയിരുന്നു. ശരണമന്ത്രങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. നിലയ്ക്കലെത്തുന്നതിന്‌ മൂന്നുകിലോമീറ്റർ അകലെ ഇലവുങ്കലിൽ പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങൾ ശേഖരിച്ചിരുന്നു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടപ്പോൾ പ്രവർത്തകർ സ്വീകരണം നൽകി.

വിശ്വാസികൾ വനിതകളുടെ മതിൽ പൊളിക്കും -ഗോപാലകൃഷ്ണൻ

പോലീസും കേസും അറസ്റ്റുംകൊണ്ട് വിശ്വാസികളുടെ സമരത്തെ തോൽപ്പിക്കാനാവില്ല. ഒരു സുരേന്ദ്രനെ ജയിലിലടച്ചാൽ ആയിരം സുരേന്ദ്രന്മാർ വരും. ഇനിയുള്ള ദിവസങ്ങളിൽ നിരോധനാജ്ഞ ലംഘിക്കാൻ കൂടുതൽ പ്രവർത്തകരെത്തും. വനിതകളെക്കൊണ്ട് മതിൽ പണിയുമെന്നാണ് പിണറായി വിജയൻ പറയുന്നത്. അത് വിശ്വാസികൾക്കെതിരേയാണ്. അവർ ആ മതിൽ പൊളിക്കും

-ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി