ശബരിമല: ശബരിമലയിൽ ഞായറാഴ്ചമുതൽ 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും ഇതിനായി ഓൺലൈൻ ബുക്കിങ് ആരംഭിച്ചില്ല. ഓൺലൈൻ ബുക്കിങ്ങിന് പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനൽകിയിട്ടില്ല. ഇതുകാരണം ഞായറാഴ്ച 5000 പേർക്ക് ദർശനത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല.

ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ഇത്തവണ ശബരിമലദർശനത്തിന് അനുമതിയുള്ളൂ. സർക്കാർതലത്തിൽ തീരുമാനമെടുത്താൽമാത്രമേ ഓൺലൈനിൽ ബുക്കിങ്ങ് തുടങ്ങൂ. നിലവിൽ തിങ്കൾമുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് ദർശനാനുമതി.

ശബരിമലയിൽ ജീവനക്കാർക്കും പോലീസുകാർക്കും കോവിഡ് കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തേ തീർഥാടകരുടെ എണ്ണം കൂട്ടാൻ അനുമതി നൽകിയിരുന്നില്ല.

ഡിസംബർ 26-നുശേഷം ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ., ആർ.ടി.ലാംപ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയവയിൽ എതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. തീർഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇപ്പോൾ 24 മണിക്കൂറിനകമുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു.

എന്നാൽ, ആർ.ടി.പി.സി.ആർ., ആർ.ടി.ലാംപ്, എക്സ്പ്രസ് നാറ്റ് പരിശോധനകൾ നടത്താനുള്ള സൗകര്യം നിലയ്ക്കലിൽ ഇല്ല. ഈ സൗകര്യം നിലയ്ക്കലിൽ എർപ്പെടുത്താൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ചെലവ് കൂടിയതും പരിശോധനാഫലം ലഭിക്കാൻ കാലതാമസമുള്ളതുമാണ് ഇവ. പരിശോധനയ്ക്ക് ഒരാൾക്ക് 2100 രൂപമുതൽ 2700 രൂപവരെ ചെലവുവരും. ഇതുകാരണം തീർഥാടകർക്ക് ദർശനം ചെലവേറിയതാകും.

അതേസമയം, തീർഥാടകരുടെ എണ്ണം കൂട്ടാൻ സർക്കാർ ഉത്തരവിറക്കിയാൽ അതിനനുസരിച്ച് ശബരിമലയിലെ ക്രമീകരണങ്ങളിൽ മാറ്റംവരുത്തുമെന്നാണ് ദേവസ്വം ബോർഡ് അധികൃതരും പോലീസും പറയുന്നത്.

Content Highlights: Sabarimala virtual queue