ശബരിമല: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ശബരിമലയിൽ തീർഥാടകർക്ക് പ്രവേശനം അനുവദിച്ചെങ്കിലും ദർശനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ കുറവ്. ശനിയാഴ്ച മൂവായിരത്തിനടുത്ത് പേർ ബുക്ക് ചെയ്തതിൽ 1849 തീർഥാടകരേ വന്നുള്ളൂ. രണ്ടായിരത്തോളം സ്ലോട്ടുകൾ ബുക്ക് ചെയ്തുമില്ല.

ഇതുകൊണ്ടുതന്നെ ആദ്യദിവസം പ്രതീക്ഷിച്ച നടവരവും ഉണ്ടായില്ല. ഞായറാഴ്ചമുതൽ 10,000 പേർക്കുവീതം ദർശനത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും ബുധനാഴ്ചവരെയുള്ള ഭൂരിഭാഗം സ്ലോട്ടുകളും ഒഴിഞ്ഞുകിടക്കുകയാണ്. വെർച്വൽ ക്യൂവിലെ സാങ്കേതികപ്രശ്നങ്ങൾ കാരണമാണ് തീർഥാടകർ എത്താത്തതെന്ന ആക്ഷേപവുമുണ്ട്. കോവിഡിന് മുമ്പുള്ള മണ്ഡലകാലത്ത് വെർച്വൽ ക്യൂ സംവിധാനത്തിൽ ദിവസേന ആയിരക്കണക്കിന് തീർഥാടകർ ബുക്കുചെയ്ത് ദർശനം നടത്തിയിരുന്നു.

അന്ന് ഇതിൽ ബുക്കുചെയ്യുന്നതിൽ പ്രശ്നങ്ങളില്ലായിരുന്നു. അടുത്തകാലത്താണ് വെബ്സൈറ്റിൽ സാങ്കേതികപ്രശ്നങ്ങൾ തുടങ്ങിയത്. മിക്കപ്പോഴും വെബ്സൈറ്റിൽ പ്രവേശിച്ച് പ്രാഥമികവിവരങ്ങളും ഫോട്ടോയും അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടാലും ഒ.ടി.പി. ലഭിക്കില്ല. ഇതോടെ ചില തീർഥാടകർ പിൻമാറുന്നെന്നാണ് ആക്ഷേപം.

നിലവിൽ രോഗമില്ലാത്തവരെന്ന് പരിശോധിച്ച് ഉറപ്പാക്കിയവർക്ക് മാത്രമാണ് പ്രവേശനം. ഇൗ സാഹചര്യത്തിൽ വെർച്വൽ ക്യൂവും തീർഥാടകനിയന്ത്രണവും ആവശ്യമില്ലെന്ന നിലപാട് ബോർഡിനുണ്ട്.

ചിങ്ങംമുതൽ നെയ്യഭിഷേകം പതിവ് രീതിയിൽ

ചിങ്ങമാസപൂജമുതൽ നെയ്യഭിഷേകം പതിവ് രീതിയിലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. തന്ത്രി അനുകൂലമാണെങ്കിൽ ചിങ്ങമാസപൂജമുതൽ നെയ്യഭിഷേകം പതിവ് രീതിയിലാക്കും.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നാണ് നെയ്യഭിഷേകരീതി മാറ്റിയത്. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിന് പുറകുവശത്തെ പ്രത്യേക കൗണ്ടറിൽ വാങ്ങും. ഇത് ശ്രീകോവിലിൽ അഭിഷേകം ചെയ്ത് മാളികപ്പുറത്തെ പ്രത്യേക കൗണ്ടറിലൂടെ പ്രസാദമായി നൽകുകയാണിപ്പോൾ.

ഇത് മാറ്റി, ടോക്കണെടുത്ത് നെയ്യ് ശ്രീകോവിലിലേക്ക് നൽകി അഭിഷേകം നേരിട്ട് കണ്ട് തൊഴുത്, ശിഷ്ടം നെയ്യ് പ്രസാദമായി അവിടെനിന്നുതന്നെ വാങ്ങുന്ന പഴയ രീതിയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.